ഫുട്‌ബോള്‍ മൈതാനത്തിന് പുറത്തും പുതിയ ചരിത്രനേട്ടം കുറിച്ച് പോര്‍ച്ചുഗീസ് ഇതിഹാസവും അല്‍ നസര്‍ ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം (68 കോടി) ഫോളോവേഴ്സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ വ്യക്തിയെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. ഇതോടെ പ്ലാറ്റ്ഫോമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന വ്യക്തിയെന്ന തന്റെ ഒന്നാം സ്ഥാനം റൊണാള്‍ഡോ കൂടുതല്‍ കരുത്തുറ്റതാക്കി.
ലോകജനസംഖ്യയുടെ ഏകദേശം 8.2 ശതമാനത്തോളം വരും ഈ സംഖ്യ. അതായത്, ലോകത്തെ ഓരോ 12 ആളുകളിലും ഒരാള്‍ വീതം റൊണാള്‍ഡോയെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നുണ്ട്. കായിക പ്രേമികള്‍ക്കിടയില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിനുള്ള അസാധാരണമായ ജനപ്രീതിയുടെയും ആഗോള സ്വാധീനത്തിന്റെയും തെളിവാണിത്.
വിവിധ രാജ്യങ്ങളുടെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ നേട്ടത്തിന്റെ വ്യാപ്തി വ്യക്തമാകുന്നത്. റൊണാള്‍ഡോയുടെ ഫോളോവേഴ്സിനെ ഒരു രാജ്യത്തെ ജനസംഖ്യയായി കണക്കാക്കിയാല്‍, ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നിലായി ലോകത്തെ മൂന്നാമത്തെ വലിയ രാജ്യമായി അത് മാറും.
ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ളവരുടെ പട്ടികയില്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ് രണ്ടാം സ്ഥാനത്തുള്ളത്. കളിക്കളത്തിനകത്തും പുറത്തുമുള്ള തന്റെ അതുല്യമായ ജനപ്രീതിയിലൂടെ ഡിജിറ്റല്‍ ലോകത്തും തന്റെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
Related News