റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടക്കാനിരുന്ന കരിമരുന്ന് പ്രയോഗവും ഡ്രോണ്‍ ഷോകളും അവസാന നിമിഷം മാറ്റിവെച്ചത് കാണികള്‍ക്ക് നിരാശയായി. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ വിനോദ പരിപാടികള്‍ക്കായുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമായ 'ലൈവ് ഇറ്റ്' ആണ് തീരുമാനം പ്രഖ്യാപിച്ചത്. നാവികാഭ്യാസങ്ങളും മോക് ഡ്രില്ലും എയര്‍ഷോയും കാണികള്‍ ആസ്വദിച്ചു.
മാറ്റിവെച്ച വെടിക്കെട്ടിന്റെയും ഡ്രോണ്‍ ഷോകളുടെയും പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പ്ലാറ്റ്ഫോം വ്യക്തമാക്കി. രാജ്യത്തുടനീളം വൈവിധ്യമാര്‍ന്ന വിനോദ-സാംസ്‌കാരിക പരിപാടികളോടെ വര്‍ഷം തോറും സംഘടിപ്പിക്കുന്ന സൗദി ദേശീയ ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
ദേശീയ ദിനാഘോഷ പരിപാടികളില്‍ ജനങ്ങളെ ഏറ്റവും ആകര്‍ഷിക്കുന്ന പരിപാടിയാണ് കരിമരുന്ന് പ്രയോഗം. ജിദ്ദയില്‍ രാത്രി ഒമ്പതിന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന വെടിക്കെട്ട് ആദ്യം ഏഴു മണിയിലേക്ക് മാറ്റുകയും പിന്നീട് റദ്ദാക്കുകയുമായിരുന്നു. സുരക്ഷാ കാരണങ്ങളാണ് രാജ്യത്തെമ്പാടും വെടിക്കെട്ട് മാറ്റിവെച്ചത്.
രാജ്യത്തിന്റെ വികസന, സാമ്പത്തിക, സാംസ്‌കാരിക നേട്ടങ്ങളെ സ്മരിക്കുന്ന പ്രധാനപ്പെട്ട അവസരമാണ് ദേശീയ ദിനം. രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും അനന്യമായ ദേശീയ വ്യക്തിത്വവും വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സൗദിയുടെ ഓരോ പ്രദേശങ്ങളും ഈ ദിനം ആഘോഷിച്ചത്.
Related News