കൊച്ചി: രാജ്യത്തെ മുന്‍നിര ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെ.ടി.എം 2026) പതിമൂന്നാമത് പതിപ്പിന് കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ പ്രൗഢോജ്ജ്വലമായ തുടക്കമായി. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിലേക്കുള്ള സഞ്ചാരികളുടെ എണ്ണം പത്തര കോടിയാക്കി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മാര്‍ട്ട് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. വിദേശ സഞ്ചാരികളുടെ എണ്ണം അമ്പത് ലക്ഷവും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം പത്തു കോടിയുമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ടൂറിസം-സാംസ്‌കാരിക-സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സഹകരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു മുഖ്യാതിഥിയായിരുന്നു.
സഞ്ചാരികളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗുണനിലവാരമുള്ള ടൂറിസം കേന്ദ്രങ്ങളും പുതിയ ടൂറിസം ഉല്‍പ്പന്നങ്ങളും വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തെ സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത ജംഗിള്‍ ലോഡ്ജുകള്‍, ട്രെക്കിങ്, പക്ഷിനിരീക്ഷണം തുടങ്ങിയ പ്രകൃതി സൗഹൃദ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തും.
തീരദേശവും കായലുകളും സംയോജിപ്പിച്ചുള്ള ടൂറിസം വിപുലീകരിക്കാനും, വിഴിഞ്ഞവും കൊച്ചിയും കേന്ദ്രീകരിച്ച് അന്താരാഷ്ട്ര ക്രൂയിസ് ടൂറിസം സര്‍ക്യൂട്ടുകള്‍ ഒരുക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. നെടുമ്പാശേരിയില്‍ സിംഗപ്പൂര്‍ മാതൃകയില്‍ ലോകോത്തര കണ്‍വെന്‍ഷന്‍ സെന്റര്‍, കൊച്ചിയില്‍ ഓഷ്യനേറിയം, മറൈന്‍ മ്യൂസിയം എന്നിവ നിര്‍മ്മിക്കും. ഇതിനുപുറമെ, പുരാതന സുഗന്ധവ്യഞ്ജന വ്യാപാരപാതയുടെ ചരിത്രമുറങ്ങുന്ന മുസിരിസിനെ അന്താരാഷ്ട്ര തലത്തില്‍ പ്രമുഖ പൈതൃക-ഗവേഷണ കേന്ദ്രമാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
2025-ല്‍ കേരളം മികച്ച വിനോദസഞ്ചാര വളര്‍ച്ചയാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 8,21,999 വിദേശ സഞ്ചാരികളും 2,50,58,366 ആഭ്യന്തര സഞ്ചാരികളും സംസ്ഥാനം സന്ദര്‍ശിച്ചു. യഥാക്രമം 11.33 ശതമാനവും 12.64 ശതമാനവും വളര്‍ച്ചയാണ് ഇതിലൂടെ രേഖപ്പെടുത്തിയത്. പുതിയ ഘട്ടത്തില്‍ പ്രൊഫഷണല്‍ തൊഴില്‍ വൈദഗ്ധ്യമുള്ള യുവാക്കള്‍ക്ക് വിപുലമായ അവസരങ്ങള്‍ ഒരുക്കുമെന്നും വിമാന കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ തനിമയും സവിശേഷതകളും ഉയര്‍ത്തിക്കാട്ടി അവയെ ആഗോളതലത്തില്‍ വ്യതിരിക്തമായ ബ്രാന്‍ഡുകളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ടൂറിസം സാംസ്‌കാരിക സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. വയനാടിന്റെ വനസമ്പത്തും സംസ്‌കാരവും കോര്‍ത്തിണക്കി 'ബ്രാന്‍ഡ് വയനാട്' രൂപപ്പെടുത്തുന്നതുപോലെ, ഓരോ പ്രദേശത്തിനും തനതായ ഐഡന്റിറ്റി നല്‍കി കേരളത്തിന്റെ യാത്രാസാധ്യതകളെ പുനര്‍നിര്‍വചിക്കും. പാരമ്പര്യ കാഴ്ചകള്‍ക്കപ്പുറം കേരളത്തിന്റെ വൈവിധ്യപൂര്‍ണ്ണമായ ഭാവങ്ങള്‍ അനുഭവിച്ചറിയാന്‍ സഞ്ചാരികള്‍ക്ക് വഴിയൊരുക്കുകയാണ് ഇതിലൂടെ സാധ്യമാകുന്നത്.
പുതിയ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും പ്രചാരണത്തിനും ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തെ 100 കേന്ദ്രങ്ങളില്‍ മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കും. ഇത്തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെ വിനോദസഞ്ചാരത്തിന്റെ സാമ്പത്തിക നേട്ടങ്ങള്‍ കേരളത്തിന്റെ നാനാഭാഗങ്ങളിലേക്കും ജനങ്ങളിലേക്കും നേരിട്ടെത്തിക്കാന്‍ സാധിക്കും.
നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും സ്വകാര്യ പങ്കാളികള്‍ക്കും അനന്തസാധ്യതകള്‍ തുറന്നുനല്‍കുന്ന പുതിയൊരു ടൂറിസം ആവാസവ്യവസ്ഥയാണ് സര്‍ക്കാര്‍ ഇതിലൂടെ പടുത്തുയര്‍ത്തുന്നതെന്നും മന്ത്രി പറഞ്ഞു. കരളത്തിന്റെ മഹോത്സവമായ ഓണത്തെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ പ്രധാന ടൂറിസം സീസണാക്കി വികസിപ്പിക്കാനാണ് അടുത്ത നീക്കമെന്ന് മന്ത്രി വ്യക്തമാക്കി.
വള്ളംകളിയും പുലിക്കളിയും സദ്യയുമടങ്ങുന്ന കേരളീയ തനിമ അടുത്തറിയാന്‍ സഞ്ചാരികളെ ക്ഷണിക്കുന്ന 'ബി എ മലയാളി ഫോര്‍ എ ഡേ' പദ്ധതി ഇതിന് പുതിയ മാനങ്ങള്‍ നല്‍കും. അനുഭവാധിഷ്ഠിതമായ ഈ കാമ്പയിനുകളിലൂടെ ഓണക്കാലത്തെ കേരളത്തെ ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ക്കായി വിപണനം ചെയ്യാന്‍ ടൂറിസം പങ്കാളികള്‍ക്ക് സാധ്യമാകുമെന്നും മന്ത്രി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.
ടൂറിസം മേഖലയ്ക്ക് ദോഷം വരുന്നതൊന്നും സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുന്നതായി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന എക്സൈസ് മന്ത്രി എം ലിജു പറഞ്ഞു. എല്ലാവര്‍ക്കും സുരക്ഷിതമായ ടൂറിസം അന്തരീക്ഷം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എ-മാരായ ടോണി ചമ്മിണി, ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, കൊച്ചി മേയര്‍ അഡ്വ. മിനിമോള്‍ വി.കെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം ജോ. സെക്രട്ടറി എസ്. ഹരികിഷോര്‍ മുഖ്യപ്രഭാഷണം നടത്തി. കേരള ടൂറിസം സെക്രട്ടറി കെ. ബിജു കേരള ടൂറിസത്തെക്കുറിച്ചുള്ള അവതരണവും, മാര്‍ട്ടിന്റെ ഭാഗമായുള്ള 'സെല്ലേഴ്‌സ് ഡയറക്ടറി'യുടെ പ്രകാശനം കേരള ടൂറിസം ഡയറക്ടര്‍ എം. അഞ്ജനയും നിര്‍വഹിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, കെ.ടി.ഡി.സി എം.ഡിയും കേരള ടൂറിസം അഡീഷണല്‍ ഡയറക്ടറുമായ സുമിത് കുമാര്‍ താക്കൂര്‍, കെ.ടി.എം മുന്‍ പ്രസിഡന്റുമാരായ ബേബി മാത്യു സോമതീരം, ജോസ് ഡൊമിനിക്, ഇ.എം. നജീബ്, റിയാസ് അഹമ്മദ്, എബ്രഹാം ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു. കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് സ്വാഗതവും സെക്രട്ടറി എസ്. സ്വാമിനാഥന്‍ നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടന സമ്മേളനത്തില്‍ 150 കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ ആകര്‍ഷകമായ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.
കൊച്ചിയില്‍ നടക്കുന്ന പന്ത്രണ്ടാമത് കേരള ട്രാവല്‍ മാര്‍ട്ടില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി 1500-ലധികം ബയര്‍മാരാണ് പങ്കെടുക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനത്തിനു ശേഷം സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററുകളിലാണ് മാര്‍ട്ടിന്റെ ഭാഗമായുള്ള ബിസിനസ് (B2B) കൂടിക്കാഴ്ചകളും പ്രദര്‍ശനവും നടക്കുന്നത്. ടൂറിസം സംരംഭകരുടെ 383 സെല്ലര്‍ സ്റ്റാളുകളും കേരളം, തമിഴ്‌നാട്, ഇന്ത്യ ടൂറിസം തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 25 സ്റ്റാളുകളും മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. നാല് ദിവസങ്ങളിലായി അമ്പതിനായിരത്തിലധികം മുന്‍കൂട്ടി നിശ്ചയിച്ച ബിസിനസ് കൂടിക്കാഴ്ചകള്‍ പുതിയ സോഫ്റ്റ്വെയറിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ഡിജിറ്റല്‍ സംവിധാനങ്ങളുടെ സഹായത്തോടെ നടക്കും.
Related News