മക്ക: ഉംറ നിര്‍വഹിക്കുന്നതിനായി മക്കയിലെത്തിയ കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖിന് മക്ക ഒ.ഐ.സി.സിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്കായി മക്ക ഓ.ഐ.സി.സി ഏര്‍പ്പെടുത്തിയ 2026 വര്‍ഷത്തെ 'ഉമ്മന്‍ചാണ്ടി എക്‌സലന്‍സ്' അവാര്‍ഡ് ദാന ചടങ്ങും ഇതോടൊപ്പം നടന്നു.
മക്ക അസീസിയയിലുള്ള പാനൂര്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. സൗദി അറേബ്യയിലെ ആരോഗ്യ സേവന മേഖലയിലെ പ്രമുഖനും സാമൂഹ്യപ്രവര്‍ത്തകനുമായ സീനിയര്‍ കോണ്‍ഗ്രസ് നേതാവ് സെയ്ദ് തങ്ങള്‍ പരിപടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹബീബ് ബാലുശ്ശേരിയുടെ നേതൃത്വത്തില്‍ മക്ക ഒ.ഐ.സി.സി ഭാരവാഹികള്‍ ചേര്‍ന്ന് വിശിഷ്ടാതിഥിയായ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖിനെ മെമന്റോ നല്‍കി ആദരിച്ചു.
2026 വര്‍ഷത്തില്‍ മക്കയില്‍ നിന്നും ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ പഠിച്ച് പത്താം ക്ലാസിലും പ്ലസ്ടുവിലും ഉന്നത വിജയം നേടി തുടര്‍പഠനത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ മികവിനുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നാമധേയത്തില്‍ വര്‍ഷംതോറും മക്ക ഒ.ഐ.സി.സി നല്‍കിവരുന്ന എക്‌സലന്‍സ് അവാര്‍ഡ് വഴി അദ്ദേഹം സമൂഹത്തിന് നല്‍കിയ സ്‌നേഹവും കരുണയും പുതുതലമുറയിലേക്ക് പകര്‍ന്നുകൊടുക്കാന്‍ സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതസന്ദേശം വരുംതലമുറയ്ക്ക് മാര്‍ഗദര്‍ശനമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മക്കയിലെ പ്രവാസി സമൂഹത്തിനിടയില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിവരുന്ന മക്ക ഒ.ഐ.സി.സിയുടെ സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ജനറല്‍ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതം ആശംസിച്ച ചടങ്ങില്‍ കെ.എം.സി.സി നാഷണല്‍ പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയ, കെ.എം.സി.സി മക്ക ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, മക്ക നഴ്‌സസ് ഫോറം പ്രതിനിധി മുസ്തഫ മലയില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഒ.ഐ.സി.സി നേതാക്കളായ ഹാരിസ് മണ്ണാര്‍ക്കാട്, ഷാജി ചുനക്കര, മുഹമ്മദ് ഷാ പോരുവഴി, അബ്ദുല്‍ മനാഫ് വയ്യാനം, നൗഷാദ് തൊടുപുഴ, ഫൈസല്‍ അഹമ്മദ് മദീന തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ഉന്നത വിജയം കരസ്ഥമാക്കിയ മുഹമ്മദ് മിറാഷ്, ഇയാസുദ്ദീന്‍, അംറീന്‍ നൗഷാദ്, വര്‍ദ്ധ, കെന്‍സ ഫാത്തിമ, റിഷ്ണ, അനീര്‍ നിസാം എന്നിവര്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖില്‍ നിന്നും മൊമെന്റോ ഏറ്റുവാങ്ങി.
പരിപാടികള്‍ക്ക് മക്ക ഒ.ഐ.സി.സി നേതാക്കളായ മുബഷിര്‍ അരീക്കോട്, നൗഷാദ് എടക്കര, ഷംസുദ്ദീന്‍ വടക്കഞ്ചേരി, അബു അയ്മനംകുടി, ഫൈസല്‍ മാറമ്പിള്ളി, സിറാജ്, അബ്ദുല്‍ റഷീദ്, ബദരിയ നൗഷാദ്, ജുമൈല ഹുസൈന്‍, സീനത്ത് ഹബീബ്, ഷംല ഷംനാസ്, ഷീബാ സെയ്ദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഷംനാസ് മീരാന്‍ മൈലൂര്‍ നന്ദി പറഞ്ഞു.
Related News