തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളുപ്പെടുത്തലില്‍ കൂടുതല്‍ വിശദീകരണവുമായി ബി.ജെ.പി. ഉന്നത നേതാവ് പറഞ്ഞതനുസരിച്ച് ജിജി തോംസനെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചാ യോഗത്തില്‍ ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹം താല്‍പര്യപൂര്‍വം പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിയിരുന്നുവെന്നും അതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഡയരക്ടറെന്ന വലിയ പദവി ലഭിച്ചിരുന്നുവെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് ജിജി ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതിലും വലിയ പദവിയാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്ന സംശയമാണ് ഇപ്പോള്‍ തനിക്കെന്നും ജിജി ജോസഫ് കൂട്ടിച്ചേര്‍ത്തു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ ബി.ജെ.പി ചായ്‌വ് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മുന്‍ കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജിജി ജോസഫ്. ഗുരുതര രാഷ്ട്രീയ ആരോപണവുമായി . ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് ഗ്യാനേഷ് കുമാര്‍ തന്നോട് നിര്‍ദേശിച്ചിരുന്നുവെന്നും വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാകാമെന്ന് പറഞ്ഞിരുന്നുവെന്നുമാണ് ജിജി തോംസണ്‍ വെളിപ്പെടുത്തിയത്. 2016ല്‍ ഇരുവരും ഡല്‍ഹിയിലേക്ക് വിമാനയാത്ര നടത്തുന്നതിനിടെയായിരുന്നു സംഭാഷണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
അന്ന് താന്‍ കേരള ചീഫ് സെക്രട്ടറിയായിരുന്നുവെന്നും ഗ്യാനേഷ് കുമാര്‍ കേന്ദ്ര സര്‍വീസിലായിരുന്നുവെന്നും ജിജി തോംസണ്‍ പറഞ്ഞു. വിരമിച്ചശേഷമുള്ള പദ്ധതികളെക്കുറിച്ച് ഗ്യാനേഷ് കുമാര്‍ ചോദിച്ചപ്പോള്‍, കുട്ടികളുടെ ഭാവിക്കായി ചില പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതായി താന്‍ മറുപടി നല്‍കിയെന്നും തുടര്‍ന്ന് 2019ലെ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള നിര്‍ദേശം ലഭിച്ചെന്നുമാണ് അദ്ദേഹത്തിന്റെ വാദം. തിരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായ ശേഷം കേന്ദ്രമന്ത്രിയാകാമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞതായി ജിജി തോംസണ്‍ വ്യക്തമാക്കി.
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ താല്‍പര്യമില്ലെന്ന് താന്‍ അപ്പോള്‍ തന്നെ അറിയിച്ചതായും ജിജി തോംസണ്‍ പറഞ്ഞു. സര്‍വീസിലിരിക്കെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍നിന്ന് ഇത്തരമൊരു രാഷ്ട്രീയ നിര്‍ദേശം ലഭിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. ഗ്യാനേഷ് കുമാറുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നും ജിജി തോംസണ്‍ പറഞ്ഞു.
ഗ്യാനേഷ് കുമാര്‍ 2025 ഫെബ്രുവരിയിലാണ് ഇന്ത്യയുടെ 26ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റത്. 1988 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേരളത്തിലും കേന്ദ്രത്തിലും വിവിധ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷണറെന്ന പദവിയിലിരുന്ന് ഗ്യാനേഷ് കുമാര്‍ ബി.ജെ.പിക്ക് അനുകൂലമായ തെരഞ്ഞെടുപ്പ് വിധികള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന വിവാദങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് ജിജി തോംസന്റെ പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്.ഐ.ആര്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെച്ചൊല്ലി പ്രതിപക്ഷവും വിവിധ രാഷ്ട്രീയകക്ഷികളും നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്‍ഡിഎയിലെ ചില ഘടകകക്ഷികളും കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്.
Related News