റിയാദ്: ഗള്‍ഫ് മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെയും യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ വിദ്യാലയങ്ങള്‍ ഒരു ആഴ്ചത്തേക്ക് ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി. ഞായറാഴ്ചയോടെയാണ് ഇതുസംബന്ധിച്ച അറിയിപ്പ് സ്‌കൂളുകളില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് ലഭിച്ചത്.
അടുത്ത ഒരു ആഴ്ചത്തേക്ക് സ്‌കൂളുകള്‍ അടച്ചിടണമെന്നും ക്ലാസുകള്‍ ഓണ്‍ലൈനായി തുടരണമെന്നും കാണിച്ച് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് സന്ദേശങ്ങള്‍ അയച്ചു. 'ഈ ആഴ്ച മുഴുവന്‍ സ്‌കൂളുകള്‍ അടച്ചിടണമെന്ന് സൗദി അധികൃതരില്‍ നിന്ന് തങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്' എന്ന് സന്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
ഗള്‍ഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും, സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങളും ആണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞിട്ടതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജൂലൈ മാസത്തില്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനുശേഷം ഹൂതികള്‍ സൗദിക്കെതിരെയുള്ള ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. സൗദി അറേബ്യയ്ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ശക്തമായി അപലപിച്ചിട്ടുണ്ട്.
Related News