ദമ്മാം: സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവാവിന്റെ ശിക്ഷ നടപ്പിലാക്കി. കണ്ണൂര്‍ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41) ആണ് ദമ്മാമിലെ ജയില്‍ വളപ്പില്‍ വെച്ച് വധശിക്ഷയ്ക്ക് വിധേയനായത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഔദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കിയത്.
അറസ്റ്റ്: 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമാനില്‍ നിന്ന് റോഡ് മാര്‍ഗം സൗദി അറേബ്യയിലേക്ക് അതിര്‍ത്തി കടന്നെത്തിയ അബൂട്ടി സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് വന്‍ ലഹരിമരുന്ന് ശേഖരം സുരക്ഷാസേന പിടികൂടുകയായിരുന്നു. ജി.എം.സി വാനിലും ലാന്‍ഡ് ക്രൂയിസര്‍ കാറിലുമായി കടത്താന്‍ ശ്രമിച്ച 43 കിലോഗ്രാം മാരക ലഹരിവസ്തുക്കളാണ് അധികൃതര്‍ പിടിച്ചെടുത്തത്.
വിചാരണ വേളയില്‍ തനിക്ക് എതിരായ ആരോപണങ്ങളെ അബൂട്ടി പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നു. പിടിച്ചെടുത്ത സാധനങ്ങള്‍ കേവലം ഒരു പാഴ്സല്‍ മാത്രമാണെന്നും, മറ്റൊരാള്‍ തനിക്ക് തന്നതാണെന്നും, അതില്‍ മയക്കുമരുന്നാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് അദ്ദേഹം കോടതിയില്‍ വാദിച്ചത്.
എന്നാല്‍, പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ ശക്തമായതിനാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി. വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും പിന്നീട് ശരിവെക്കുകയായിരുന്നു. തുടര്‍ന്ന് രാജവിജ്ഞാപനപ്രകാരമാണ് ശിക്ഷ നടപ്പിലാക്കിയത്.
Related News