ലണ്ടന്‍: ഇംഗ്ലണ്ടിലെ ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡ് വ്യോമതാവളവുമായി ബന്ധപ്പെട്ട സുരക്ഷാ സംഭവത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന സംശയത്തില്‍ യുകെ-ഇറാന്‍ ഇരട്ട പൗരനെ കൗണ്ടര്‍ ടെററിസം പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററില്‍ വെച്ചാണ് 25 വയസ്സുകാരനായ പ്രതി പിടിയിലായത്. ഇയാളുമായി ബന്ധപ്പെട്ട പ്രദേശത്തെ രണ്ട് വീടുകളില്‍ പൊലീസ് പരിശോധന നടത്തി.
ഞായറാഴ്ച പുലര്‍ച്ചെയാണ് ഗ്ലൗസെസ്റ്റര്‍ഷെയറിലെ ഈ യു.എസ് വ്യോമതാവളത്തിന് സമീപത്തുനിന്ന് ലണ്ടനില്‍ നിന്നുള്ള അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. 23നും 25നും ഇടയില്‍ പ്രായമുള്ള ഈ അഞ്ച് പ്രതികളും നിലവില്‍ ജാമ്യത്തിലാണ്. വ്യോമതാവളത്തിന് നേരെ സംശയാസ്പദമായ രീതിയില്‍ മൂന്ന് വാഹനങ്ങള്‍ നീങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് വിവരം അറിയിച്ചത്. വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ കണ്ടെത്തിയെങ്കിലും സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നില്ല.
വിദേശ രാജ്യങ്ങളുടെ പങ്കാളിത്തം ഉള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് കൗണ്ടര്‍ ടെററിസം പൊലീസ് സീനിയര്‍ കോര്‍ഡിനേറ്റര്‍ വിക്കി എവന്‍സ് വ്യക്തമാക്കി. വളരെ സങ്കീര്‍ണ്ണമായ അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ സംഭവത്തിന് പിന്നില്‍ ഇറാനാണെന്ന ശക്തമായ സൂചനകളുണ്ടെന്ന് യുകെ പ്രധാനമന്ത്രി ആന്‍ഡി ബര്‍ണാം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഇറാന്‍ ശക്തമായി നിഷേധിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് അംബാസഡറെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. ഇറാനിലെ ആക്രമണങ്ങള്‍ക്കായി ബ്രിട്ടീഷ് വ്യോമതാവളങ്ങള്‍ യു.എസിനും ഇസ്രായേലിനും തുറന്നുകൊടുത്തതാണ് യുകെയുടെ നിലപാടിന് പിന്നിലെന്നും ഇറാന്‍ ആരോപിച്ചു.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ബോംബറുകള്‍ ഉപയോഗിച്ചുവരുന്ന ഒരു പ്രധാന താവളമാണ് ഫെയര്‍ഫോര്‍ഡ് എയര്‍ബേസ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും സംഭവത്തിന് പിന്നില്‍ വിദേശ ശക്തികളുടെ ഇടപെടല്‍ വ്യക്തമാണെന്ന് പ്രതികരിച്ചിട്ടുണ്ട്.
Related News