റിയാദ്: മലയാളിയായ ഡോ. തന്യ ഉണ്ണി സ്ഥാപിച്ച ഓസ്ട്രേലിയന്‍ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡായ 'ഡോ. തന്യ സ്‌കിന്‍ കെയര്‍' സൗദി അറേബ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റിയാദിലെ പാര്‍ക്ക് അവന്യൂ ലുലു മാളില്‍ നടന്ന ചടങ്ങിലാണ് ഉല്‍പ്പന്നങ്ങള്‍ സൗദി വിപണിയില്‍ അവതരിപ്പിച്ചത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും നൂണ്‍ , ആമസോണ്‍ എന്നിവയുടെ സൗദി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
ഇരുപത് വര്‍ഷത്തിലേറെ വൈദ്യശാസ്ത്ര പരിചയമുള്ള ഡോ. തന്യ ഉണ്ണി കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് വൈദ്യശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയത്. നിലവില്‍ ഓസ്ട്രേലിയന്‍ പൗരത്വമുള്ള അവര്‍ വൈദ്യശാസ്ത്ര രംഗത്തും സംരംഭക മേഖലയിലും പ്രവര്‍ത്തിക്കുന്നു. ഡോക്ടറുടെ നേതൃത്വത്തില്‍ ഓസ്ട്രേലിയയില്‍ രൂപകല്‍പ്പന ചെയ്ത ഉല്‍പ്പന്നങ്ങളാണ് ബ്രാന്‍ഡ് വിപണിയിലെത്തിക്കുന്നത്.
സൗദിയിലെയും ഓസ്ട്രേലിയയിലെയും കടുത്ത ചൂടും സൂര്യപ്രകാശവും ചര്‍മത്തിനുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഗണിച്ചാണ് ഉല്‍പ്പന്നനിര വികസിപ്പിച്ചതെന്ന് ഡോ. തന്യ ഉണ്ണി പറഞ്ഞു. കറുത്ത പാടുകള്‍, ചര്‍മത്തിലെ ഈര്‍പ്പക്കുറവ്, അകാല വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയവ നേരിടുന്നവര്‍ക്കും മെലനിന്റെ അളവ് കൂടുതലുള്ള ചര്‍മത്തിനും അനുയോജ്യമായ പരിചരണം നല്‍കുകയാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.
സൗദിയിലെ കഠിനമായ കാലാവസ്ഥയ്‌ക്കൊപ്പം എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളില്‍ ദീര്‍ഘനേരം കഴിയുന്നതും ചര്‍മപരിചരണത്തില്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതായി അവര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്തുള്ള ഉല്‍പ്പന്നങ്ങളാണ് സൗദിയിലെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതെന്നും ഡോ. തന്യ കൂട്ടിച്ചേര്‍ത്തു.
ഹോളി ബേസില്‍ ഫേസ് സിറം, ഡേ ആന്‍ഡ് നൈറ്റ് ക്രീം, ക്ലെന്‍സര്‍, ഐ ലിഫ്റ്റ് സിറം, മുടിപരിചരണ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
യു.എ.ഇക്കും ഒമാനും പിന്നാലെയാണ് ബ്രാന്‍ഡ് സൗദി വിപണിയിലേക്ക് പ്രവേശിക്കുന്നത്. ജി.സി.സി രാജ്യങ്ങളിലേക്കുള്ള പ്രവര്‍ത്തനവ്യാപനത്തിലെ പ്രധാന ചുവടുവെപ്പാണിതെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു. റീട്ടെയില്‍ ഔട്ട്ലെറ്റുകളും ഓണ്‍ലൈന്‍ വിതരണ സംവിധാനങ്ങളും വഴി സൗദിയിലുടനീളം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.