ജിദ്ദ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ചരിത്രനേട്ടവുമായി സൗദി അറേബ്യയിലെ പ്രമുഖ വനിതാ സര്‍വകലാശാലയായ ഇഫത്ത് യൂണിവേഴ്‌സിറ്റി. സൗദി അറേബ്യയിലും ജിസിസി ഗള്‍ഫ് മേഖലയിലുമായി യുഎസിലെ പ്രശസ്തമായ ന്യൂ ഇംഗ്ലണ്ട് കമ്മീഷന്‍ ഓഫ് ഹയര്‍ എഡ്യൂക്കേഷന്റെ (NECHE) അംഗീകാരം സ്വന്തമാക്കുന്ന ആദ്യ സര്‍വകലാശാല എന്ന പദവി ഇഫത്തിന് ലഭിച്ചു.
അമേരിക്കന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക അംഗീകാരമുള്ള ലാഭേച്ഛയില്ലാത്ത പ്രമുഖ സ്ഥാപനമാണ് NECHE. സര്‍വകലാശാലയുടെ ഭരണസംവിധാനം, അക്കാദമിക് പ്രോഗ്രാമുകള്‍, വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും വിജയവും, അധ്യാപകരുടെ മികവ്, അടിസ്ഥാന സൗകര്യങ്ങള്‍, തുടര്‍ച്ചയായ പുരോഗതി തുടങ്ങിയ വിവിധ ഘടകങ്ങളും മാനദണ്ഡങ്ങളും സമഗ്രമായി വിലയിരുത്തിയ ശേഷമാണ് NECHE അംഗീകാരം നല്‍കിയത്.
'വര്‍ഷങ്ങളായുള്ള ആത്മാര്‍ത്ഥമായ പ്രയത്‌നത്തിന്റെയും, അക്കാദമിക് രംഗത്തെ ഗുണനിലവാരത്തോടെയുള്ള പ്രതിബദ്ധതയുടെയും ഫലമാണ് NECHE അക്രഡിറ്റേഷന്‍,' എന്ന് സര്‍വകലാശാല പ്രസിഡന്റ് ഡോ. ഹൈഫ റെഡ ജമാലല്ലൈല്‍ പറഞ്ഞു. സര്‍വകലാശാലാ സമൂഹത്തിന്റെ കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങള്‍ക്കും സൗദി ഉന്നത അധികാരികള്‍ക്കും അവര്‍ പ്രത്യേക നന്ദി അറിയിച്ചു.
1885-ല്‍ സ്ഥാപിതമായ ന്യൂ ഇംഗ്ലണ്ട് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍സ് ആന്‍ഡ് കോളേജുകളുടെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് NECHE. 2018ല്‍ സ്വതന്ത്ര അക്രഡിറ്റേഷന്‍ കമ്മീഷനായി മാറിയ ഈ സ്ഥാപനം, അമേരിക്കയിലും ലോകമെമ്പാടുമുള്ള ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കുമാണ് ഈ അംഗീകാരം നല്‍കി വരുന്നത്.
Related News