ന്യൂദല്‍ഹി: വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണത്തിലൂടെ കോടിക്കണക്കിന് വോട്ടര്‍മാരെ വെട്ടി നീക്കിയെന്ന ആരോപണം നേരിടുന്ന ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗാന്ധി ജയന്തി ദിനത്തില്‍ പ്രതിഷേധം ശക്തം. ന്യൂദല്‍ഹിയിലും മുംബൈയിലും പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ഥിസിവില്‍ സമൂഹ സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ദല്‍ഹിയില്‍ നൂറു കണക്കിന് പേരെ കസ്റ്റഡിയിലെടുത്തു..
ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തുകയായിരുന്നു. എ.എ.പി നേതാക്കളായ അതിഷി, സൗരഭ് ഭരദ്വാജ്, സഞ്ജീവ് ഝാ, സഞ്ജയ് സിങ് എന്നിവരടക്കം 500ലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥി സംഘടനകളിലെ പ്രവര്‍ത്തകരെയും വിവിധ സ്ഥലങ്ങളില്‍ തടഞ്ഞു.
പ്രതിഷേധം തടയാന്‍ ന്യൂദല്‍ഹിയില്‍ 163ാം വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജന്തര്‍ മന്തറിലേക്കുള്ള നിരവധി റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും കനത്ത പൊലീസ് സന്നാഹം വിന്യസിക്കുകയും ചെയ്തു. പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. നിരവധി മെട്രോ സ്‌റ്റേഷനുകളുടെ കവാടങ്ങളും താല്‍ക്കാലികമായി അടച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക് റോച്ച് ജനതാ പാര്‍ട്ടി മുംബൈയിലെ ശിവാജി പാര്‍ക്കില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പൊലീസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ വൈകിട്ട് നാല് മണിക്ക് 'ജയില്‍ ഭരോ ആന്ദോളന്‍' നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചു.
എസ്.ഐ.ആര്‍ നടപടികളില്‍ ക്രമക്കേടുകളും അര്‍ഹരായ വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങളും നടന്നുവെന്നതാണ് പ്രധാന ആരോപണം.
Related News