ജിദ്ദ: പാര്‍ക്കിന്‍സണ്‍സ് രോഗവുമായി ബന്ധപ്പെട്ട തന്മാത്രാ ഘടനകള്‍ രക്തത്തില്‍ നിന്ന് മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ ഇലക്ട്രോണിക് സെന്‍സര്‍ വികസിപ്പിച്ച് കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (KAUST) ഗവേഷകര്‍. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുന്‍പ് തന്നെ രോഗം തിരിച്ചറിയാന്‍ ഈ മുന്നേറ്റം സഹായകരമാകും.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി സഹകരിച്ച് KAUST-se ഗവേഷകരാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗവുമായി ബന്ധപ്പെട്ട ആല്‍ഫ-സിനുക്ലിയര്‍ എന്ന പ്രോട്ടീന്റെ മൂന്ന് രൂപങ്ങളെ ഒരേസമയം കണ്ടെത്താന്‍ ഈ സെന്‍സറിന് സാധിക്കുമെന്ന് 'സയന്‍സ് അഡ്വാന്‍സസ്' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.
ഓക്‌സ്‌ഫോര്‍ഡ് ഡിസ്‌കവറി കോഹര്‍ട്ടില്‍ നിന്നുള്ള 59 പേരെ ഉള്‍പ്പെടുത്തി നടത്തിയ പ്രാരംഭ പഠനത്തില്‍, രോഗബാധിതരെയും ആരോഗ്യവാനായ വ്യക്തികളെയും വേര്‍തിരിച്ചറിയുന്നതില്‍ ഈ സംവിധാനം 90.9 ശതമാനം കൃത്യത കൈവരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതര്‍, ആരോഗ്യവാന്മാരായ വ്യക്തികള്‍, കൂടാതെ പാര്‍ക്കിന്‍സണ്‍സ് അല്ലെങ്കില്‍ മറ്റ് നാഡീസംബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള REM സ്ലീപ്പ് ബിഹേവിയര്‍ ഡിസോര്‍ഡര്‍ ഉള്ളവര്‍ എന്നിവരാണ് പഠനത്തില്‍ പങ്കെടുത്തത്.
വലിയ രോഗി സംഘങ്ങളില്‍ സെന്‍സറിന്റെ പരീക്ഷണങ്ങള്‍ വ്യാപിപ്പിക്കാനാണ് അടുത്ത ഘട്ടത്തില്‍ ലക്ഷ്യമിടുന്നതെന്ന് KAUST ബയോഎന്‍ജിനീയറിങ് അസോസിയേറ്റ് പ്രൊഫസര്‍ സാഹിക ഇനാല്‍ പറഞ്ഞു. 'വ്യാവസായിക കൃത്യതയോടെ സമാന ഗുണനിലവാരമുള്ള കൂടുതല്‍ സെന്‍സറുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്,' അവര്‍ വ്യക്തമാക്കി. കൂടുതല്‍ പഠനങ്ങള്‍ വിജയകരമായാല്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെയും യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെയും അനുമതി തേടാന്‍ സാധിക്കുമെന്ന് അവര്‍ പറഞ്ഞു
രക്തത്തിലൂടെ പാര്‍ക്കിന്‍സണ്‍സ് രോഗം പരിശോധിക്കുന്നതിലെ പ്രധാന വെല്ലുവിളിയാണ് ഈ സെന്‍സര്‍ പരിഹരിക്കുന്നത്. രക്തത്തില്‍ കാണപ്പെടുന്ന ആല്‍ഫ-സിനുക്ലിയറിന്റെ 95 ശതമാനത്തിലധികവും ചുവന്ന രക്തകോശങ്ങളില്‍ നിന്നുള്ളതാണ്. ഇത് നാഡീവ്യവസ്ഥയില്‍ നിന്നുള്ള സിഗ്‌നലുകള്‍ തിരിച്ചറിയുന്നതിന് വലിയ തോതില്‍ തടസ്സം സൃഷ്ടിക്കാറുണ്ട്.
എന്നാല്‍, നാഡീകോശങ്ങള്‍ രക്തത്തിലേക്ക് പുറത്തുവിടുന്ന ചെറിയ ഘടങ്ങളെ വേര്‍തിരിച്ചെടുത്താണ് ഈ പുതിയ സെന്‍സര്‍ പ്രോട്ടീന്‍ ഉള്ളടക്കം വിശകലനം ചെയ്യുന്നത്. ചെറിയ ജൈവ സിഗ്‌നലുകളെ വലിയ ഇലക്ട്രോണിക് സിഗ്‌നലുകളാക്കി മാറ്റാന്‍ ഇതിന്റെ കേന്ദ്രത്തിലുള്ള ട്രാന്‍സിസ്റ്ററിന് സാധിക്കും. ഇതിലൂടെ ഏകദേശം 40 മിനിറ്റിനുള്ളില്‍ ആല്‍ഫ-സിനുക്ലിയറിന്റെ മൂന്ന് രൂപങ്ങളും അളക്കാന്‍ കഴിയും.
ഡോപാമിന്‍ ഉത്പാദിപ്പിക്കുന്ന നാഡീകോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം, ചലനം, തുലാവസ്ഥ, മറ്റ് ശരീര പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കാറുണ്ട്. നിലവില്‍ ക്ലിനിക്കല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് രോഗനിര്‍ണ്ണയം നടത്തുന്നത്.
എങ്കിലും, ഈ സെന്‍സര്‍ നിലവില്‍ ഒരു സമ്പൂര്‍ണ്ണ രോഗനിര്‍ണ്ണയ പരിശോധനയായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും, രോഗതീവ്രത കാലക്രമേണ എങ്ങനെ മാറുന്നുവെന്ന് ട്രാക്ക് ചെയ്യാന്‍ ഈ മാര്‍ക്കറുകള്‍ക്ക് കഴിയുമോ എന്ന് വ്യക്തമല്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ ക്ലിനിക്കല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.