ലഖ്‌നൗ: 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി സമാജ്‌വാദി പാര്‍ട്ടി (എസ്.പി.). നാല് സിറ്റിങ് എം.എല്‍.എമാര്‍ ഉള്‍പ്പെടുന്ന പട്ടിക പുറത്തുവന്നതോടെ കോണ്‍ഗ്രസുമായുള്ള അസ്വാരസ്യം ശക്തമായി. സഹാറന്‍പൂരിലെ രണ്ട് മണ്ഡലങ്ങളില്‍ എസ്.പി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ് എം.പി. ഇമ്രാന്‍ മസൂദ് എതിര്‍പ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ബെഹട്ടില്‍ ഉമര്‍ അലി ഖാന്‍, സഹാറന്‍പൂരില്‍ ആശു മാലിക്, ഷാംലിയിലെ കൈറാനയില്‍ നാഹിദ് ഹസന്‍, അമ്രോഹയില്‍ മെഹ്ബൂബ് അലി, ലളിത്പൂരില്‍ ജ്യോതി ലോധി എന്നിവരെയാണ് എസ്.പി. സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്.
സഖ്യധാരണകള്‍ക്ക് വിരുദ്ധമായി എസ്.പി. ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെന്നാണ് ഇമ്രാന്‍ മസൂദിന്റെ നിലപാട്. സഹാറന്‍പൂരിലെ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കണമെന്ന ആവശ്യത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നതായും പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ട് പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.
403 അംഗ നിയമസഭയില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എസ്.പിയും കോണ്‍ഗ്രസും തമ്മിലുള്ള ചര്‍ച്ചകള്‍ ഇതുവരെ ധാരണയിലെത്തിയിട്ടില്ല. കോണ്‍ഗ്രസിന് 26 സീറ്റുകള്‍ നല്‍കാമെന്നാണ് എസ്.പി. മുന്നോട്ടുവെച്ചതെന്നാണ് എസ്.പി. എം.പി രാജീവ് റായിയുടെ അവകാശവാദം. എന്നാല്‍, കോണ്‍ഗ്രസ് ഏകദേശം 130 മണ്ഡലങ്ങളുടെ പട്ടികയാണ് മത്സരിക്കാനായി കൈമാറിയത്.
ചൊവ്വാഴ്ച രണ്ടാംഘട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും അന്തിമ തീരുമാനമായില്ല. 26 സീറ്റുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും വിജയസാധ്യതയുള്ള മറ്റു മണ്ഡലങ്ങള്‍ കൂടി കണ്ടെത്തി പട്ടിക നല്‍കണമെന്നും എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. മണ്ഡലങ്ങളുടെയും സ്ഥാനാര്‍ഥികളുടെയും വിജയസാധ്യതയ്ക്കായിരിക്കും മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പി.യില്‍ 17 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറിടത്ത് വിജയിച്ചിരുന്നു. എസ്.പി. 37 സീറ്റുകളും നേടി. ഇരുപാര്‍ട്ടികളും ചേര്‍ന്ന് 43 സീറ്റുകള്‍ നേടിയതോടെ സഖ്യത്തിന്റെ ശക്തി വര്‍ധിച്ചു. 2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.പി. 111 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് രണ്ടിടത്ത് മാത്രമാണ് വിജയിക്കാനായത്.
2027ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ നേരിടാന്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ സീറ്റ് വിഭജനത്തിലെ തര്‍ക്കം സഖ്യത്തിന്റെ മുന്നോട്ടുള്ള നീക്കങ്ങള്‍ക്ക് നിര്‍ണായകമാകുകയാണ്.
Related News