ലുധിയാന: തീര്‍ത്തും വഷളായ വേര്‍പിരിയലിന് ശേഷം പഞ്ചാബില്‍ ബിജെപി-അകാലിദള്‍ സഖ്യം പുനഃസ്ഥാപിച്ചു; അകാലിദള്‍ തങ്ങളെ കൈവിട്ടുവെന്ന കര്‍ഷക സംഘടനകളുടെ വിമര്‍ശനം ശക്തമാണ്. മുഖ്യമന്ത്രി പദം അകാലിദളിന് വിട്ടുനല്‍കാന്‍ തയാറായാണ് ബി.ജെ.പി ഒ്ത്തുതീര്‍പ്പുണ്ടാക്കിയത്. അകാലിദളുമായുള്ള കൂട്ടുകെട്ട് വഴി ഗ്രാമീണ വോട്ടുകളിലേക്ക് തിരിച്ചുകയറാനാണ് ബിജെപി നീക്കം.
2020ല്‍ വിവാദ കാര്‍ഷിക നിയമങ്ങളുടെ പേരിലാണ് 24 വര്‍ഷത്തെ ബന്ധം ബിജെപിയും ശിരോമണി അകാലിദളും അവസാനിപ്പിച്ചത്. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം ഔദ്യോഗികമായി പുനഃസ്ഥാപിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ നീക്കങ്ങള്‍ക്ക് തുടക്കമായി. ഗ്രാമീണ മേഖലകളില്‍ സ്വാധീനം തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കമായാണ് സഖ്യത്തെ വിലയിരുത്തുന്നത്.
2020 സെപ്റ്റംബറില്‍ കാര്‍ഷിക നിയമങ്ങളോടുള്ള പ്രതിഷേധത്തെത്തുടര്‍ന്നാണ് അകാലിദള്‍ എന്‍ഡിഎ വിട്ടത്. അതിനുശേഷം പഞ്ചാബില്‍ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് നഗരമേഖലകളില്‍ സ്വാധീനമുണ്ടായിരുന്നെങ്കിലും ഗ്രാമീണ മണ്ഡലങ്ങളില്‍ കാര്യമായ മുന്നേറ്റം നേടാനായിരുന്നില്ല. പുതിയ സഖ്യത്തില്‍ മുഖ്യമന്ത്രി പദം അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് വിട്ടുനല്‍കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇക്കാര്യം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അകാലിദളിന് നേതൃത്വം നല്‍കുന്ന പങ്കാളിയായും ബിജെപി സഖ്യകക്ഷിയായും രംഗത്തെത്തും.
എന്നാല്‍ സഖ്യത്തിനെതിരെ കര്‍ഷക സംഘടനകള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കിയ അകാലിദളിന്റെ നിലപാടിനെ കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നേതാവ് സര്‍വന്‍ സിങ് പന്ദേര്‍ര്‍ ചോദ്യം ചെയ്തു.. കര്‍ഷകവിരുദ്ധ നയങ്ങളെന്ന് ആരോപിച്ച് 2020ല്‍ ബന്ധം വിച്ഛേദിച്ച പാര്‍ട്ടികള്‍ ഇപ്പോള്‍ എങ്ങനെ ഒരുമിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. സഖ്യം ജനക്ഷേമത്തിനല്ല, വ്യക്തിഗത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് നേട്ടത്തിനുമാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ഭരണത്തിന് കീഴില്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പഞ്ചാബിന്റെ പ്രധാന രാഷ്ട്രീയസാമ്പത്തിക പ്രശ്‌നങ്ങള്‍ അവഗണിക്കുകയാണെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ കുറ്റപ്പെടുത്തി. നദീജല തര്‍ക്കങ്ങള്‍, പഞ്ചാബി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളുടെ കൈമാറ്റം, തടവിലുള്ള സിഖുകാരുടെ മോചനം തുടങ്ങിയ ആവശ്യങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2020-21 കര്‍ഷക സമരത്തിന് കാരണമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിട്ടില്ലെന്ന് സംഘടനകള്‍ പറയുന്നു. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍, ഡാം സുരക്ഷാ നിയമം പിന്‍വലിക്കല്‍, നിര്‍ദിഷ്ട വിത്ത് ബില്‍ 2025 പിന്‍വലിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.
എങ്കിലും മുഖ്യമന്ത്രി പദം വിട്ടുനല്‍കിയും പഴയ രാഷ്ട്രീയ ഭിന്നതകള്‍ മറികടന്നും ബിജെപി നേടിയ സഖ്യം പഞ്ചാബില്‍ അധികാരത്തിലേക്കുള്ള പുതിയ വഴിയാണ് തുറക്കുന്നത്.
Related News