റിയാദ്: കരിയറിലെ 1000 ഗോള്‍ എന്ന ചരിത്രനേട്ടത്തിലേക്ക് അടുത്ത്് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ഗോള്‍വല കുലുക്കി. എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ ഖത്തര്‍ ക്ലബ്ബായ അല്‍ സദ്ദിനെ 2-1ന് തോല്‍പ്പിച്ച അല്‍ നസ്‌റിന്റെ വിജയത്തില്‍ റൊണാള്‍ഡോയുടെ 987ാം കരിയര്‍ ഗോള്‍ നിര്‍ണായകമായി.
അല്‍ നസ്‌റിന്റെ ഹോം ഗ്രൗണ്ടായ അല്‍ അവ്വല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 11ാം മിനിറ്റിലാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. അല്‍ സദ്ദ് മിഡ്ഫീല്‍ഡര്‍ മുഹമ്മദ് കമാറയുടെ ഫൗളിനെത്തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ ഗോള്‍. കരിയറിലെ 185ാം പെനാല്‍റ്റി ഗോളാണിത്.
ഈ സീസണില്‍ അല്‍ നസ്‌റിനായി എല്ലാ മത്സരങ്ങളിലുമായി 14 കളികളില്‍ ക്രിസ്റ്റിയാനൊ 11 ഗോളുകള്‍ നേടി
റൊണാള്‍ഡോയുടെ ഗോളിന് പിന്നാലെ പത്ത് മിനിറ്റിനകം മുഹമ്മദ് വഅദ് അല്‍ സദ്ദിനായി സമനില ഗോള്‍ നേടി. ആദ്യ പകുതിയില്‍ റൊണാള്‍ഡോ വീണ്ടും ഗോള്‍ നേടിയെങ്കിലും വാറിന്റെ പരിശോധനയില്‍ ഓഫ്‌സൈഡ് കണ്ടെത്തിയതോടെ ഗോള്‍ അനുവദിച്ചില്ല. ആദ്യ പകുതിയുടെ അധികസമയത്ത് അപകടകരമായ ഫൗളിനെ തുടര്‍ന്ന് വഅദ് നേരിട്ട് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അല്‍ സദ്ദ് പത്ത് പേരായി ചുരുങ്ങി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോവോ ഫെലിക്‌സ് നേടിയ ഗോളാണ് അല്‍ നസ്‌റിന് വിജയം സമ്മാനിച്ചത്.
ഒക്ടോബര്‍ 23ന് അല്‍ ഫൈസലിക്കെതിരെ നേടിയ ഒരു ഗോള്‍ റൊണാള്‍ഡോയുടെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് തര്‍ക്കമുണ്ട്. സൗദി പ്രോ ലീഗ് അത് റൊണാള്‍ഡോയുടെ ഗോളായി അംഗീകരിച്ചപ്പോള്‍, സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയായ ഒപ്റ്റ അത് സെല്‍ഫ് ഗോള്‍ ആയാണ് രേഖപ്പെടുത്തിയത്. ഇതുള്‍പ്പെടെയാണ് റൊണാള്‍ഡോയുടെ ഔദ്യോഗിക ഗോള്‍നേട്ടം 987 ആയി കണക്കാക്കുന്നത്.
വിജയത്തോടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് എലൈറ്റിന്റെ വെസ്‌റ്റേണ്‍ ലീഗ് പോയിന്റ് പട്ടികയില്‍ അല്‍ നസ്‌റ് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രണ്ട് ലീഗുകളിലെയും ആദ്യ എട്ട് ടീമുകള്‍ പ്രീക്വാര്‍ട്ടര്‍ ഘട്ടത്തിലേക്ക് യോഗ്യത നേടും.
Related News