അമരാവതി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രസംഗിക്കുന്നതിനിടെ സദസ്സില്‍ ഉയര്‍ന്ന ബഹളം രാഷ്ട്രീയ വിവാദമായി. ഒക്ടോബര്‍ രണ്ടിന് ആന്ധ്രപ്രദേശിലെ മദനപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ നിര്‍മല സീതാരാമന്‍ പ്രസംഗിക്കുന്നതിനിടെയാണ് ഏതാനും സെക്കന്‍ഡുകള്‍ നീണ്ട ഇടപെടലുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കോണ്‍ഗ്രസും ഭരണകക്ഷികളും തമ്മില്‍ വാക്‌പോര് ആരംഭിച്ചത്.
ജോലി ആവശ്യപ്പെട്ട് ജനക്കൂട്ടം കേന്ദ്ര മന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. എന്നാല്‍ സദസ്സിലെ ബഹളം കാരണം നിര്‍മല സീതാരാമന്‍ പ്രസംഗം അല്‍പസമയം നിര്‍ത്തിയെന്നും അപ്പോള്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇടപെട്ട് അവരെ ശാന്തരാക്കിയെന്നുമാണ് ടി.ഡി.പിയും ബി.ജെ.പിയും ന്യായീകരിക്കുന്നത്. അതിനെ പ്രതിപക്ഷ കക്ഷികള്‍ തെറ്റായി ചിത്രീകരിക്കുന്നുവെന്നാണ് അവരുടെ ആരോപണം.
പ്രസംഗത്തിനിടെ സദസ്സില്‍നിന്ന് ഉയര്‍ന്ന ശബ്ദം ശ്രദ്ധയില്‍പ്പെട്ടതോടെ നിര്‍മല സീതാരാമന്‍ കുറച്ചുനേരം പ്രസംഗം നിര്‍ത്തി ആളുകളോട് ശാന്തരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഇടപെട്ട് സദസ്സിനോട് ഇരിക്കാനും മന്ത്രിയുടെ പ്രസംഗം തുടരാന്‍ അനുവദിക്കാനും ആവശ്യപ്പെട്ടു. ഇതാണ് ഏകദേശം 30 സെക്കന്‍ഡുള്ള വീഡിയൊ ക്ലിപ്പിലുള്ളത്. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
ജനങ്ങള്‍ക്കിടയിലെ പ്രതിഷേധവും രോഷവുമാണ് സംഭവത്തിലൂടെ പ്രകടമായതെന്ന് ഈ ദൃശ്യം പങ്കുവെച്ച കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. മുഖ്യമന്ത്രി ജനങ്ങളെ നിശ്ശബ്ദരാക്കാന്‍ ഇടപെടേണ്ടിവന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
തൊഴില്‍ ആവശ്യപ്പെട്ടുള്ള പ്രതിഷേധമല്ല ഉണ്ടായതെന്നും, ആവേശഭരിതരായ പ്രവര്‍ത്തകരുടെ പ്രതികരണമാണ് പ്രസംഗത്തിനിടെ ശബ്ദം ഉയര്‍ന്നതിന് കാരണമെന്നും മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രി ലോകേഷും വിശദീകരിച്ചു. പരിപാടി സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് താന്‍ ഇടപെട്ടതെന്നും നായിഡു പറഞ്ഞു.
ആന്ധ്രപ്രദേശിലെ കാര്‍ഷിക അടിസ്ഥാനസൗകര്യ വികസനവും നിക്ഷേപ സാധ്യതകളും സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ പരിപാടിയില്‍ ഉണ്ടായി. വ്യവസായി അനന്ത് അംബാനിയും ചടങ്ങില്‍ പങ്കെടുത്തു.
Related News