ദമ്മാം: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന്, പ്രമുഖ എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ രചിച്ച 'ആര്‍ദ്രമായ് സ്‌നേഹമായ്' എന്ന പുസ്തകത്തെ ആസ്പദമാക്കി ഐ.സി.എഫ്. ദമ്മാം റീജിയന്‍ 'ആര്‍ദ്രം-സ്‌നേഹസംഗമം' സംഘടിപ്പിച്ചു.
പ്രവാചകരുടെ സന്ദേശങ്ങള്‍ ആസ്പദമാക്കി രചിച്ച പുസ്തകം ഗാന്ധിജയന്തിയില്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഏറെ പ്രസക്തിയുണ്ടെന്നും മഹാന്മാരുടെ ജീവിതത്തിലേക്ക് മടങ്ങുകയാണ് പുതിയ കാലത്തെ ആസുരതകള്‍ക്കുള്ള പരിഹാരമെന്നും സംഗമം അഭിപ്രായപ്പെട്ടു. ഒരു കുടക്കീഴിലിരുന്ന് വിട്ടുവീഴ്ചാ മനോഭാവത്തോടെ ചര്‍ച്ച ചെയ്താല്‍ തീരാവുന്ന വിഷയങ്ങളെ പര്‍വതീകരിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വിപത്ത് എന്നും, വ്യക്തികള്‍ മുതല്‍ ലോകതലം വരെ അത് പടര്‍ന്നുപിടിച്ചിരിക്കുന്നു എന്നും പരിഹാരങ്ങള്‍ക്ക് ആര്‍ദ്രതയുള്ള ഇത്തരം സംവാദസദസ്സുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നും സ്‌നേഹസദസ്സ് ഉദ്‌ഘോഷിച്ചു.
ജലം പോലെ ആര്‍ദ്രമാണ് നബി(സ)യുടെ ജീവിതദര്‍ശനമെന്നും അവിടുത്തെ ബഹുസ്വരതയുടെ ഉദാഹരണങ്ങളാണ് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരന്‍ വരച്ചുകാട്ടിയത് എന്നും പുസ്തകത്തിന്റെ ലളിതഭാഷ ഏവരെയും ആകര്‍ഷിക്കുന്നതാണെന്നും പുസ്തകത്തിലെ പ്രമേയം സമൂഹത്തിലെ നിഖില മേഖലകളെയും സ്പര്‍ശിക്കുന്നതാണെന്നും ഇത്തരം ആഖ്യാനങ്ങള്‍ കൂടുതല്‍ ഉണ്ടാകണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ എടുത്തുപറഞ്ഞു.
പാരഗണ്‍ റസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ ഐ.സി.എഫ്. ദമ്മാം റീജിയന്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് പ്രസിഡന്റ് സലീം സഅദി താഴേക്കോട് അധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷന്‍ & മീഡിയ സെക്രട്ടറി മുസ്തഫ മുക്കൂട് ആമുഖപ്രഭാഷണം നടത്തി. അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പ്രദീപ് നീലാഞ്ചേരി, എഴുത്തുകാരന്‍ സജിത്ത് വാണിയമ്പലം, അഖില്‍, അന്‍വര്‍ തഴവ എന്നിവര്‍ പ്രസംഗിച്ചു. റീജിയന്‍ ഹാര്‍മണി & എമിനെന്‍സ് സെക്രട്ടറി അഷ്‌റഫ് ചാപ്പനങ്ങാടി ഉപസംഹാര പ്രഭാഷണം നടത്തി. റീജിയന്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി മുനീര്‍ തോട്ടട സ്വാഗതവും ഹര്‍ഷദ് എടയന്നൂര്‍ നന്ദിയും പറഞ്ഞു.