ന്യൂദല്‍ഹി: ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗികാതിക്രമം നടത്തിയെന്ന് മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചു. പരാതികള്‍ ന്യൂദല്‍ഹി ജില്ലാ പൊലീസ് െ്രെകംബ്രാഞ്ചിന് കൈമാറിയതായി ദല്‍ഹി പൊലീസ് അറിയിച്ചു.
പ്രതിഷേധത്തിനിടെ വിദ്യാര്‍ഥി നേതാവ് നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് ചിത്രീകരിക്കുന്നതിനിടെ അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പൊലീസ് വിവേക് ഭഗത് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഒരു മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. പരാതി നല്‍കാന്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അവര്‍ ആരോപിച്ചു.
തുടര്‍ന്ന് നിരവധി മാധ്യമപ്രവര്‍ത്തകരും പ്രതിഷേധക്കാരും പൊലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പരാതികള്‍ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിനായി കമല മാര്‍ക്കറ്റ് െ്രെകംബ്രാഞ്ചിന് കൈമാറിയതായി ദല്‍ഹി പൊലീസ് വ്യക്തമാക്കി. എന്നാല്‍ എ.സി.പി വിവേക് ഭഗതിനെതിരായ പരാതിയാണോ, അതോ മറ്റ് ലൈംഗികാതിക്രമ പരാതികളാണോ പൊലീസ് പരാമര്‍ശിച്ചതെന്ന് വ്യക്തമായിട്ടില്ല.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ കാലതാമസത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചോദ്യം ഉന്നയിച്ചു. പൊലീസ് നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച പ്രസ് ക്ലബ് ഓഫ് ഇന്ത്യയും വനിതാ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടെ പ്രസ് കാര്‍ഡുകളുമായി ജോലി ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകരെ പൊലീസ് മോശമായി പെരുമാറുകയും ചിലരെ പ്രതിഷേധക്കാര്‍ക്കൊപ്പം കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി മാധ്യമസംഘടന ആരോപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭയമില്ലാതെ ജോലി ചെയ്യാനും പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും സാഹചര്യമൊരുക്കണമെന്ന് പ്രസ് ക്ലബ് ആവശ്യപ്പെട്ടു.
പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ച സര്‍ക്കാര്‍ നടപടിയെയും പ്രസ് ക്ലബ് വിമര്‍ശിച്ചു.
Related News