അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി, അല്‍ ഉലയുടെ പ്രിഫേര്‍ഡ് ഡി.എം.സി (ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനി) പദ്ധതിയിലേക്ക് ഏഴ് പുതിയ കമ്പനികളെ കൂടി ഉള്‍പ്പെടുത്തി. ഇതോടെ സൗദി അറേബ്യയുടെ ഈ പൈതൃക കേന്ദ്രത്തിന്റെ ടൂറിസം പങ്കാളികളുടെ എണ്ണം 19 ആയി ഉയര്‍ന്നു.
യാത്രാ ഏജന്‍സികളുമായും ടൂര്‍ ഓപ്പറേറ്റര്‍മാരുമായും ചേര്‍ന്ന് യാത്രാ ക്രമീകരണങ്ങള്‍, ഐറ്റനറി തയ്യാറാക്കല്‍, സന്ദര്‍ശകര്‍ക്ക് ആവശ്യമായ പ്രാദേശിക സേവനങ്ങള്‍ എന്നിവ നല്‍കുന്നവയാണ് ഡി.എം.സികള്‍.
റോം (ROAM), റിഡ ഇന്റര്‍നാഷണല്‍, 88 ഡെസ്റ്റിനേഷന്‍സ് , ഒനെഡാര്‍, ഡെസേര്‍ട്ട് അഡ്വഞ്ചേഴ്‌സ്, അറേബ്യ എപ്ലോറര്‍, യങ് ലൈഫ് എന്നിവയാണ് പുതിയ പങ്കാളികള്‍. യൂറോപ്പ്, ഗള്‍ഫ്, അമേരിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, ചൈന തുടങ്ങിയ വിപണികളില്‍ യാത്രാ ബുക്കിംഗുകള്‍, പ്ലാനിംഗ്, പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഇവര്‍ സഹായിക്കും.
നിലവിലുള്ള 12 പങ്കാളികള്‍ക്കൊപ്പമാണ് ഈ പുതിയ ഏഴ് കമ്പനികള്‍ കൂടി ചേരുന്നത്. യൂറോപ്പ്, ഗള്‍ഫ്, വടക്കേ അമേരിക്ക, ഏഷ്യ തുടങ്ങിയ പ്രധാന വിപണികളെ ഇവര്‍ ഉള്‍ക്കൊള്ളും. ഇതില്‍ യങ് ലൈഫ് ചൈനീസ് വിപണിയില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കും.
സന്ദര്‍ശകരുടെ വര്‍ദ്ധിച്ചുവരുന്ന തിരക്ക് മുന്നില്‍ക്കണ്ട് അല്‍ ഉല അടിസ്ഥാന സൗകര്യ വികസനം ശക്തമാക്കിയതിന്റെ ഭാഗമായാണ് ഈ വിപുലീകരണം. അല്‍ ഉല അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലൗഞ്ച്, ടെര്‍മിനല്‍ പ്രദേശം അടുത്തിടെ 44 ശതമാനം വികസിപ്പിച്ചിരുന്നു. ഇതോടെ വാര്‍ഷിക യാത്രാ ശേഷി 75 ശതമാനം വര്‍ധിച്ച് 7 ലക്ഷമായി ഉയര്‍ന്നു.
വിമാനത്താവളത്തില്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഇ-ഗേറ്റുകളും 12 അന്താരാഷ്ട്ര അറൈവല്‍ കൗണ്ടറുകളുമുണ്ട്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള റീജിയണല്‍ സര്‍വീസുകള്‍ വഴിയും അല്‍ ഉലയിലേക്ക് ആഭ്യന്തര വിമാന സര്‍വീസുകള്‍ ലഭ്യമാണ്.
സൗദി അറേബ്യയുടെ ആദ്യ യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായ ഹെഗ്രയും , ദദാന്‍, അല്‍ ഉല ഓള്‍ഡ് ടൗണ്‍ തുടങ്ങിയ ചരിത്രപ്രധാനമായ സ്ഥലങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. വര്‍ഷം മുഴുവനും വിവിധ സാംസ്‌കാരിക, കായിക, വിനോദ പരിപാടികള്‍ക്കും ഈ പ്രദേശം വേദിയാകാറുണ്ട്.
പുരാവസ്തു-പ്രാകൃതിക പൈതൃകങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ടൂറിസത്തിന് മുന്‍ഗണന നല്‍കുന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് റോയല്‍ കമ്മീഷന്‍ ഫോര്‍ അല്‍ ഉല ഈ പ്രദേശം വികസിപ്പിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയില്‍ 22,561 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന അല്‍ ഉലയില്‍ പുരാവസ്തു കേന്ദ്രങ്ങളും മണല്‍ക്കല്‍ ഭൂപ്രകൃതിയും അല്‍ ഉല ഒയാസിസും ഉള്‍പ്പെടുന്നു.