പാരിസ്: ഫ്രാന്‍സില്‍ വ്യാപകമായ അക്രമസംഭവങ്ങള്‍ തുടരുന്നതിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ കുടിയേറ്റ നയങ്ങളെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാരിസ് വൈകാതെ ഒരു മുസ്‌ലിം നഗരമായി മാറുമെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഫ്രാന്‍സിലേക്ക് വലിയ തോതില്‍ കുടിയേറ്റക്കാരെ പ്രവേശിപ്പിക്കുന്നത് തെറ്റാണെന്ന് മാക്രോണിന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഫ്രാന്‍സിലെ കലാപങ്ങള്‍ക്ക് മാക്രോണിന്റെ കുടിയേറ്റ നയങ്ങളെ കുറ്റപ്പെടുത്തിയത്. ഫ്രാന്‍സിലെ മുസലിം ജനസംഖ്യ എട്ട് ശതമാനത്തോളമാണ്. എത്ര കുടിയേറ്റം ശക്തമായാലും പാരിസ് നഗരം മുസലിം ഭൂരിപക്ഷമാവില്ലെന്നാണ് കണക്ക്.
ജീവിതച്ചെലവിലെ വര്‍ധനയും പൊതുസേവനങ്ങളുടെ നിലവാരത്തകര്‍ച്ചയും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് ഫ്രാന്‍സിലുടനീളം പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. പ്രക്ഷോഭങ്ങള്‍ പലയിടത്തും അക്രമാസക്തമായിരുന്നു. കടകള്‍ കൊള്ളയടിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്ത സംഭവങ്ങളുണ്ടായി.
ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 2,400 പേരെ അറസ്റ്റ് ചെയ്തു. ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. മൂവായിരത്തോളം വ്യാപാരസ്ഥാപനങ്ങളെ അക്രമം ബാധിച്ചതായി വ്യാപാരമേഖലാ സംഘടനകള്‍ അറിയിച്ചു.
പാരിസ്, ലില്‍, നീസ് തുടങ്ങിയ നഗരങ്ങളില്‍ പ്രാദേശിക കര്‍ഫ്യൂകളും പൊതുയോഗങ്ങള്‍ക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. പാരിസിലെ ചില മേഖലകളില്‍ രാത്രി പ്രതിഷേധങ്ങള്‍ നിരോധിക്കുകയും പ്ലാസ് ദെ ലാ റിപ്പബ്ലിക്, ലെസ് ഹാള്‍സ് എന്നിവിടങ്ങളില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു.
അക്രമസംഭവങ്ങളെ ടെലിവിഷന്‍ പ്രസംഗത്തിലൂടെ അപലപിച്ച മാക്രോണ്‍, നാശനഷ്ടങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ലെന്ന് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ ആവശ്യങ്ങളും അക്രമത്തില്‍ ഏര്‍പ്പെടുന്നവരുടെ പ്രവൃത്തികളും ഒരുപോലെ കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനു പകരം, പൊതുകെട്ടിടങ്ങളെയും വ്യാപാരസ്ഥാപനങ്ങളെയും സംരക്ഷിക്കാന്‍ ആവശ്യമായ ഇടങ്ങളില്‍ പ്രതിഷേധങ്ങള്‍ നിരോധിക്കാന്‍ പ്രാദേശിക അധികാരികള്‍ക്ക് അധികാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു വ്യക്തമാക്കി.
Related News