ഇരിട്ടി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷന്റെ (കെ.പി.പി.എ.) ഇരിട്ടി ഏരിയ സമ്മേളനം ഇരിട്ടി വ്യാപാര ഭവനിൽ വെച്ചു നടന്നു. സെക്രട്ടറി ഷമ്മാസ് അധ്യക്ഷത വഹിച്ചു. കെ.പി.പി.എ. സംസ്ഥാന പ്രസിഡന്റ് കെ.വി. പങ്കജാക്ഷൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡോക്ടർ-രോഗി ബന്ധത്തിലെ മുഖ്യ കണ്ണികളാണ് ഫാർമസിസ്റ്റുകളെന്നും, ആരോഗ്യകരമായ ഒരു പൊതുസമൂഹത്തിന്റെ വളർച്ചയിൽ ഫാർമസിസ്റ്റുകളുടെ പങ്ക് തിരിച്ചറിയപ്പെടാതെ പോകുന്നതിൽ ഫാർമസിസ്റ്റുകളുടെ അലംഭാവവും കാരണമായിട്ടുണ്ടെന്നും, ഫാർമസിസ്റ്റുകൾ അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അബ്ദുൾ ജബ്ബാറിന്റെ മാതാവ് മൈമൂനത്ത് ബീവിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
യോഗത്തിൽ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം മുസ്തഫ കീത്തടത്ത്, ജില്ലാ സെക്രട്ടറി സുരേഷ് കുമാർ, ജ്യോതിഷ് കെ., നിജിലേഷ് എന്നിവർ ആശംസ പ്രസംഗം നടത്തി.
പുതിയ ഭാരവാഹികളായി മുസ്തഫ കീത്തടത്ത് (പ്രസിഡന്റ്), സ്മിത അഗസ്റ്റിൻ (സെക്രട്ടറി), ഷമ്മാസ് (ട്രഷറർ), രേഷ്മ കെ., റസ്കിൻ (വൈസ് പ്രസിഡന്റുമാർ), അഞ്ജന അശോകൻ, അനുമോൾ തോമസ് (ജോയിന്റ് സെക്രട്ടറിമാർ), കിഷോരി (വനിതാ വിംഗ് കൺവീനർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
സ്മിത അഗസ്റ്റിൻ സ്വാഗതവും രേഷ്മ നന്ദിയും പറഞ്ഞു.
Related News