ജിദ്ദ: ദൈവത്തിന്റെ അതിഥികള്‍ക്കുള്ള സേവന പദ്ധതിയിലൂടെ ഉംറ തീര്‍ത്ഥാടകരുടെ അനുഭവങ്ങള്‍ സുഗമമാക്കുന്നതിലും സംതൃപ്തി രേഖപ്പെടുത്തുന്നതിലും നിശ്ചയിച്ചിരുന്ന 90 ശതമാനം എന്ന ലക്ഷ്യം മറികടന്നതായി സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍-റാബിയ വ്യക്തമാക്കി. ജിദ്ദയില്‍ നടക്കുന്ന ഹജ്ജ് കോണ്‍ഫറന്‍സ് & എക്‌സിബിഷനിലെ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2019-ല്‍ തുടക്കമിട്ട പദ്ധതി ഇരുഹറമുകളിലേക്കുമുള്ള തീര്‍ത്ഥാടകരുടെ വരവ് എളുപ്പമാക്കാനും സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ടതാണെന്ന് മന്ത്രി വിശദീകരിച്ചു. പദ്ധതിയുടെ ഭാഗമായി ഹജ്ജ്-ഉംറ സേവനങ്ങള്‍ നിരീക്ഷിക്കാന്‍ കൃത്യമായ സൂചികകളും സംയോജിത പദ്ധതികളും തയ്യാറാക്കിയിരുന്നു. 60-ലധികം സര്‍ക്കാര്‍ ഏജന്‍സികളുടെ ഏകോപിത പ്രവര്‍ത്തനങ്ങളിലൂടെയും സീസണിന് മുന്നോടിയായി 600-ഓളം പദ്ധതികള്‍ വിശദമായി പഠിച്ചതിലൂടെയുമാണ് തീര്‍ത്ഥാടക സംതൃപ്തി നിരക്ക് 93 ശതമാനത്തിലെത്തിക്കാന്‍ സാധിച്ചത്.
രാജ്യത്തിന് പുറത്തുനിന്ന് എത്തുന്ന ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-ല്‍ 8.4 ദശലക്ഷമായിരുന്ന വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണം 2025-ഓടെ 1.8 കോടിയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ മദീനയിലെ പ്രവാചക മസ്ജിദ് സന്ദര്‍ശിച്ചവരുടെ എണ്ണം 6 ദശലക്ഷത്തില്‍ നിന്ന് 1.6 കോടിയായും വര്‍ദ്ധിച്ചു. വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുടെ സംയോജിത പ്രവര്‍ത്തനങ്ങളുടെയും സേവന മേഖലയിലുണ്ടായ വികസനത്തിന്റെയും ഫലമായാണ് ഈ നേട്ടങ്ങള്‍ കൈവരിക്കാനായതെന്ന് ഹജ്ജ്-ഉംറ മന്ത്രി കൂട്ടിച്ചേര്‍ത്തു.
Related News