റിയാദ്: പ്രവാസികൾക്ക് സൗദിയിലെ തൊഴിൽസാധ്യതകളും കരിയർ വളർച്ചയ്ക്കുള്ള പ്രായോഗിക മാർഗങ്ങളും പരിചയപ്പെടുത്തുന്നതിനായി ചില്ലറക്കാര്യം സംഘടിപ്പിച്ച ‘പ്രവാസി കരിയർ കോമ്പസ്’ ശ്രദ്ധേയമായി. തൊഴിൽ അന്വേഷിക്കുന്നവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മാർഗനിർദേശങ്ങളുമായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ‘പ്രവാസി മാറ്റേഴ്സ് – ചില്ലറക്കാര്യം’ കൂട്ടായ്മയുടെ ആദ്യ നേരിട്ടുള്ള സംഗമമായിരുന്നു.
‘ശരിയായ വഴി, ശരിയായ ജോലി’, ‘അന്ധമായി അപേക്ഷിക്കാതെ വിവേകത്തോടെ ജോലി തേടുക’ എന്നീ ആശയങ്ങൾ മുൻനിർത്തിയ പരിപാടിയിൽ സൗദിയിലെ തൊഴിൽസാധ്യതകൾ, ബയോഡാറ്റ തയ്യാറാക്കൽ, ലിങ്ക്ഡ്ഇൻ പ്രൊഫൈൽ മെച്ചപ്പെടുത്തൽ, നിർമിതബുദ്ധിയുടെ പ്രയോജനം, ഖിവ അക്കൗണ്ട്, തൊഴിൽകരാറുകൾ, കരിയർ വളർച്ച തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
സിജി റിയാദ് ചാപ്റ്റർ ചെയർമാൻ മുനീബ് ബി.എച്ച്. ഉദ്ഘാടന പ്രസംഗം നടത്തി. മാറുന്ന സാങ്കേതികവിദ്യകൾക്കും തൊഴിൽ സാഹചര്യങ്ങൾക്കും അനുസരിച്ച് ഓരോരുത്തരും നിരന്തരം സ്വയം നവീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
നിർമാണ മേഖലയിൽ 13 വർഷത്തിലധികം പ്രവർത്തനപരിചയമുള്ള നിസാർ ഹുസൈൻ വലിയഗത്ത് മുഖ്യ സെഷൻ നയിച്ചു. വിവിധ തൊഴിൽമേഖലകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനും മത്സരക്ഷമത വർധിപ്പിക്കാനുമുള്ള മാർഗങ്ങൾ അദ്ദേഹം വിശദീകരിച്ചു.
എൽ.എസ്.ഇ.ജി. റീജിയണൽ മാനേജരും എം.ഇ.എസ്. റിയാദ് ജനറൽ സെക്രട്ടറിയുമായ നവാസ് റഷീദ് സമാപന സെഷനിൽ ജോലിയിൽ മികവ് പുലർത്തുന്നതിനും സ്ഥാനക്കയറ്റത്തിനും കരിയർ വളർച്ചയ്ക്കും ആവശ്യമായ കാര്യങ്ങൾ പങ്കുവെച്ചു. സിജി സി.എൽ.പി. ഹെഡ് അബ്ദുൽ അസീസ് തങ്കയത്തിൽ നേതൃത്വഗുണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
സ്വാഗതപ്രസംഗത്തിൽ ചില്ലറക്കാര്യം സ്ഥാപകൻ അബൂബക്കർ മഞ്ചേരി, സാമൂഹിക മാറ്റങ്ങൾക്ക് വലിയ സംഘടനകൾ മാത്രം ആവശ്യമില്ലെന്നും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന വ്യക്തികൾക്കും മാറ്റങ്ങൾക്ക് തുടക്കമിടാനാകുമെന്നും പറഞ്ഞു.
പ്രവാസികളുടെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, തൊഴിൽ വിഷയങ്ങളിൽ ബോധവൽക്കരണവും മാർഗനിർദേശവും നൽകുന്ന ചില്ലറക്കാര്യം നേരത്തേ മൂന്ന് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. സാധാരണ പ്രവാസികളുടെ ദൈനംദിന ജീവിതത്തിൽ പ്രാധാന്യമുള്ള ചെറിയ വിഷയങ്ങളിൽ പോലും ശ്രദ്ധ നൽകി പ്രായോഗിക അറിവ് എത്തിക്കുകയാണ് ഈ വ്യക്തിഗത സാമൂഹിക സംരംഭത്തിന്റെ ലക്ഷ്യം.
സമീർ മാളിയേക്കൽ, നൗഷിർ പറമ്പൂർ, സാജിദ് മഞ്ചേരി, മൻസൂർ ബാബു നിലമ്പൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഷംനാദ് കരുനാഗപ്പള്ളി
Related News