കൊച്ചി: ആഗോള രംഗത്തെ മുന്‍നിര വിമാനക്കമ്പനികളുടെ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളെ (ജിസിസി) ആകര്‍ഷിക്കുന്നതിനായി ഇന്‍ഫോപാര്‍ക്ക് സംഘടിപ്പിക്കുന്ന 'കോക്പിറ്റ് 2027: ഗ്ലോബല്‍ ഏവിയേഷന്‍ ജിസിസി ലീഡര്‍ഷിപ്പ് ഉച്ചകോടി'യുടെ ലോഗോയും വെബ്‌സൈറ്റും പുറത്തിറക്കി. കൊച്ചി ലെ-മെറിഡിയനില്‍ നടന്ന ചടങ്ങില്‍ വ്യവസായ-ഐടി-എഐ ആന്‍ഡ് ഫ്യൂച്ചര്‍ ടെക്‌നോളജീസ് വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് പ്രകാശനം നിര്‍വഹിച്ചത്. 2027 ജനുവരി 28, 29 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തിലാണ് ഉച്ചകോടി നടക്കുക. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ സന്നിഹിതനായിരുന്നു.
ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്കായി നടത്തുന്ന ഉച്ചകോടിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍, ഇന്ത്യ/ഏഷ്യാ പസഫിക്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ 25-ലധികം പ്രമുഖ വിമാനക്കമ്പനികളില്‍ നിന്നുള്ള സിഇഒമാര്‍, സിഐമാര്‍, സിടിഒമാര്‍, സിഡിഒമാര്‍, ഗ്ലോബല്‍ ഡെലിവറി മേധാവികള്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെ പ്രതീക്ഷിക്കുന്നു. വിമാനക്കമ്പനികളുടെ വരുംതലമുറ നിര്‍മ്മിത ബുദ്ധി (എഐ), ഡാറ്റ, പ്രൊഡക്റ്റ് മാനേജ്മെന്റ്, ഡിജിറ്റല്‍ ഹബ്ബുകള്‍ സ്ഥാപിക്കാന്‍ കൊച്ചി തികച്ചും അനുയോജ്യമാണെന്ന് ആഗോള തലത്തില്‍ അവതരിപ്പിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
വന്‍കിട മെട്രോ നഗരങ്ങളില്‍ നിന്ന് ഉയര്‍ന്ന വളര്‍ച്ചാസാധ്യതയുള്ള കൊച്ചി പോലുള്ള ടിയര്‍ രണ്ട് നഗരങ്ങളിലേക്ക് കമ്പനികള്‍ മാറുന്ന പശ്ചാത്തലത്തില്‍, 2031-ഓടെ സംസ്ഥാനത്ത് 150 ജിസിസികള്‍ സ്ഥാപിക്കുകയാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.
കൊച്ചിയുടെ മികച്ച എയര്‍ കണക്റ്റിവിറ്റിയും സിയാല്‍ എയറോസിറ്റി, എംആര്‍ഒ സംവിധാനങ്ങള്‍ എന്നിവയ്ക്ക് പുറമെ, എയര്‍ ഇന്ത്യ, ഐബിഎസ് സോഫ്റ്റ്വെയര്‍, വെര്‍ട്ടെയില്‍ തുടങ്ങിയ പ്രമുഖ ഏവിയേഷന്‍ ടെക്‌നോളജി കമ്പനികളുടെ സാന്നിധ്യവും കൊച്ചിയുടെ മുതല്‍ക്കൂട്ടാണ്.
വിമാനക്കമ്പനികള്‍ക്ക് വരുമാനം വര്‍ധിപ്പിക്കുന്ന തന്ത്രപ്രധാന സാങ്കേതിക കേന്ദ്രങ്ങളായി ജിസിസികളെ മാറ്റുകയെന്നതിനോടൊപ്പം ഫ്‌ലൈറ്റ് ഓപ്പറേഷന്‍സ്, മെയിന്റനന്‍സ്, പേഴ്‌സണലൈസ്ഡ് റീട്ടെയിലിങ്, കണക്റ്റഡ് ക്യാബിനുകള്‍ എന്നിവയിലെ എഐ വിനിയോഗം തുടങ്ങിയവ ഉച്ചകോടി ചര്‍ച്ച ചെയ്യും.
സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പങ്കാളിത്തത്തോടും പിന്തുണയോടും കൂടിയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ക്ക് പുറമെ കേരളത്തിന്റെ തനത് പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഹൗസ്‌ബോട്ട് നെറ്റ്വര്‍ക്കിങ് യാത്രകളും സാംസ്‌കാരിക വിരുന്നുകളും അതിഥികള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്.
Related News