കൊച്ചി: വഖഫ് ബോര്‍ഡില്‍ നിന്ന് രാജിവെക്കുമെന്ന് ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി. സമൂഹത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണായക തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ സമയത്ത് രാജി സമര്‍പ്പിക്കുമെന്നും പുതിയ അംഗങ്ങള്‍ ചുമതലയേറ്റ ശേഷമുള്ള ബോര്‍ഡിന്റെ ആദ്യ സമ്പൂര്‍ണ യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.
പുതിയ അംഗങ്ങള്‍ ചുമതലയേറ്റ ശേഷമുള്ള ബോര്‍ഡിന്റെ ആദ്യ സമ്പൂര്‍ണ യോഗമാണ് ഇന്ന് കൊച്ചിയില്‍ നടന്നത്. രാജി സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചുവെങ്കിലും ഹൈക്കോടതിയില്‍ നിലവിലുള്ള കേസ് തീര്‍പ്പായ ശേഷം മാത്രം രാജി സമര്‍പ്പിച്ചാല്‍ മതിയെന്നാണ് ബോര്‍ഡ് യോഗത്തിലെ തീരുമാനം.
കാന്തപുരം വിഭാഗത്തിന് ബോര്‍ഡില്‍ അംഗത്വം നല്‍കാത്തതിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി രാജിസന്നദ്ധത അറിയിച്ചത്. തനിക്ക് മറ്റു പദവികളില്‍ മോഹമില്ലെന്നും പൂര്‍ണ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോര്‍ഡില്‍ അംഗത്വം നല്‍കാത്തതിന്റെ പേരില്‍ കാന്തപുരം വിഭാഗം സെക്രട്ടറിയേറ്റ് മാര്‍ച്ച് അടക്കം ശക്തമായ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
Related News