ന്യൂദല്‍ഹി- പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ യാത്രാസൗകര്യങ്ങള്‍ തടസ്സപ്പെട്ട് ദുരിതത്തിലായ ഉംറ തീര്‍ത്ഥാടകരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രതിസന്ധിയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ തിരികെ എത്തിക്കുന്നതിനായി ചില ഉംറ ഏജന്‍സികള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തീര്‍ത്ഥാടകരുടെ മടക്കയാത്ര വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട എയര്‍ലൈനുകളുമായും ടൂര്‍ ഓപ്പറേറ്റര്‍മാരുമായും റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും നിരന്തരം ഇടപെട്ടു വരികയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഴ്ച മാത്രം ഏകദേശം 3,000-ത്തോളം ഉംറ തീര്‍ത്ഥാടകരാണ് സൗദിയില്‍ നിന്നും സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചുപോയത്.
മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്നുണ്ടായ വ്യോമഗതാഗത തടസ്സങ്ങളും വിമാന സര്‍വീസുകള്‍ റദ്ദാക്കലുകളും തീര്‍ത്ഥാടകരെയും പ്രവാസികളെയും ഒരുപോലെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായങ്ങളും ഉറപ്പാക്കാന്‍ ഇന്ത്യന്‍ മിഷനുകള്‍ സജീവമായി രംഗത്തുണ്ട്. യാത്രക്കാര്‍ ഔദ്യോഗിക അറിയിപ്പുകള് പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Related News