റിയാദ്: സുബൈർകുഞ്ഞ് ഫൗണ്ടേഷന്റെ ‘റിസ’ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവർത്തക പരിശീലന പരിപാടിയായ ‘റിസാ–ടോട്ട്’ മൂല്യനിർണയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിവിധ രാജ്യങ്ങളിലെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 526 പേർ വിജയിച്ചു.
193 പേർ വിജയിച്ച റിയാദിലെ യാര ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. 93 പേർ വീതം വിജയിച്ച അജ്മാനിലെ പേസ് ഇന്റർനാഷണൽ സ്കൂളും ഷാർജയിലെ ഡൽഹി പ്രൈവറ്റ് സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. 67 വിജയികളുമായി റിയാദിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനത്തെത്തി.
വിജയിച്ച എല്ലാവർക്കും ഇമെയിൽ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്ടോബർ 24ന് സൗദി സമയം വൈകുന്നേരം 3.30ന് നടക്കുന്ന ഓൺലൈൻ ചടങ്ങിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രകാശനം ചെയ്യും. തുടർന്ന് www.risatots.online എന്ന വെബ്‌സൈറ്റിൽനിന്ന് സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.
ലഹരി ഉപയോഗം ആരംഭിക്കുന്നതിനുമുമ്പുതന്നെ അത് തടയുകയെന്ന ലക്ഷ്യത്തോടെ 2015 മുതൽ റിസ നടത്തിവരുന്ന സൗജന്യ പരിശീലക പരിശീലന പരിപാടിയാണ് റിസാ–ടോട്ട് എന്ന് സുബൈർകുഞ്ഞ് ഫൗണ്ടേഷൻ ചെയർമാനും റിസ കൺവീനറുമായ ഡോ. അബ്ദുൽ അസീസ് സുബൈർകുഞ്ഞും റിസയുടെ പരിപാടി ഉപദേഷ്ടാവായ ഡോ. ഭരതൻ എ. വിയും അറിയിച്ചു.
Related News