തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാത്തൂര്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്നലെ രാത്രിയോടെ അദ്ദേഹം തിരുവനന്തപുരത്തെത്തി. ചുമതലയേറ്റെടുക്കും മുമ്പെ മാത്തൂര്‍ വിവാദ ഉത്തരവ് നിര്‍ദേശം പുറപ്പെടുവിച്ചു. ലോക്ഭവനില്‍ ഇനി സസ്യാഹാരം മാത്രം വിളമ്പാന്‍ പാടുള്ളൂ എന്നും ജീവനക്കാര്‍ക്കും അത് ബാധകമാണെന്നുമാണ് നിര്‍ദേശം. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുമ്പുതന്നെ ലോക്ഭവനിലെ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട് നിബന്ധന മുന്നോട്ടുവച്ചത് പുത്തരിയില്‍ കല്ലുകടിയായി. ലോക്ഭവനിലെ അടുക്കളയില്‍ ഇനി മാംസാഹാരം പാകം ചെയ്യുകയോ വിളമ്പുകയോ ചെയ്യില്ലെന്നാണ് അറിയുന്നത്.
സിക്കിം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞാണ് ഓം പ്രകാശ് മാത്തൂര്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി വി.ഡി. സതീശനും നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്വീകരിച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ പിന്‍ഗാമിയായാണ് മാത്തൂര്‍ കേരളത്തിലെത്തുന്നത്. അര്‍ലേക്കറെ തമിഴ്‌നാട് ഗവര്‍ണറായി നിയമിച്ചിട്ടുണ്ട്.
രാജസ്ഥാനില്‍ നിന്നുള്ള മാത്തൂര്‍ രാഷ്ട്രീയ രംഗത്തും സംഘടനാ പ്രവര്‍ത്തനങ്ങളിലും ദീര്‍ഘകാല പരിചയമുള്ള വ്യക്തിയാണ്. രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം പിന്നീട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഗുജറാത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. രാജസ്ഥാനില്‍നിന്ന് രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് സിക്കിം ഗവര്‍ണറായി നിയമിതനായി.
Related News