ന്യൂഡല്‍ഹി: മലിനീകരണവും വികസന ഫണ്ട് വിതരണവും ചര്‍ച്ച ചെയ്യുന്നതിനിടെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (എം.സി.ഡി) ഹൗസില്‍ നാടകീയ രംഗങ്ങള്‍. ബിജെപി, ആം ആദ്മി പാര്‍ട്ടി (എഎപി) കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ മൈക്കുകള്‍ തകര്‍ക്കുകയും ഫയലുകള്‍ വലിച്ചെറിയുകയും വെള്ളം ഒഴിക്കുകയും ചെയ്തു. അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളിയുടെ വക്കിലെത്തിയതോടെ മേയര്‍ പ്രവേഷ് വഹിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
മലിനീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭയില്‍ ബഹളം ആരംഭിച്ചത്. ബി.ജെ.പി, എ.എ.പി അംഗങ്ങള്‍ പരസ്പരം മുദ്രാവാക്യം വിളിക്കുകയും രൂക്ഷമായി വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു. സംഘര്‍ഷത്തിനിടെ എ.എ.പി കൗണ്‍സിലര്‍ ഷഗുഫ്ത സുബൈര്‍ മേയറുടെ ഇരിപ്പിടത്തിനരികിലെത്തി മൈക്ക് തകര്‍ക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
വികസന ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കി. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് കൗണ്‍സിലര്‍മാര്‍ക്ക് 25 ലക്ഷം രൂപ വികസന ഫണ്ടായി അനുവദിക്കുമെന്ന് മേയര്‍ പ്രഖ്യാപിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഓരോ കൗണ്‍സിലര്‍ക്കും ആകെ രണ്ടു കോടി രൂപ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ പ്രഖ്യാപനം എ.എ.പി കൗണ്‍സിലര്‍മാരെ തൃപ്തിപ്പെടുത്തിയില്ല. ഒരു കോടി രൂപ ഉടന്‍ അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പൊതുജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട പണമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അതില്‍ തെറ്റില്ലെന്നും ഷഗുഫ്ത സുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പൊതുജനങ്ങള്‍ക്കുവേണ്ടിയുള്ള ഫണ്ട് ആവശ്യപ്പെട്ടതിന്റെ പേരില്‍ കൗണ്‍സിലര്‍മാരെ അപകീര്‍ത്തിപ്പെടുത്തുന്നത് എന്തിനാണെന്നും അവര്‍ ചോദിച്ചു.
സഭയിലെ സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസും എ.എ.പിയും തമ്മിലും വാക്കേറ്റമുണ്ടായി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് നാസിയ ഡാനിഷും പ്രതിപക്ഷ നേതാവ് അങ്കുഷ് നാരംഗും തമ്മിലായിരുന്നു തര്‍ക്കം.
എ.എ.പിക്കെതിരായ വിമര്‍ശനങ്ങള്‍ക്കിടെ നാരംഗ്, ഡാനിഷിന് ബിജെപിയുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചു. ഇതിന് മറുപടിയായി, ബിജെപിയില്‍ ചേരുന്ന ഷഗുഫ്ത ചൗധരിയെപ്പോലെയല്ല താനെന്ന് ഡാനിഷ് പറഞ്ഞു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്‌പോര് കൂടുതല്‍ ശക്തമായി.
Related News