റിയാദ്- സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി യമനിലെ ഹൂത്തി ഭീകരവാദികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍, അറബ് സഖ്യസേനയുടെ വ്യോമപ്രതിരോധ വിഭാഗം വിജയകരമായി തടഞ്ഞു തകര്‍ത്തതായി ജോയിന്റ് ഫോഴ്സസ് കമാന്‍ഡ് അറിയിച്ചു. തിരിച്ചടിയായി സന്‍ആയില്‍ ഹൂത്തികളുടെ രണ്ട് മിസൈല്‍ വിക്ഷേപണ തറകള്‍ സൈനിക നടപടിയിലൂടെ തകര്‍ത്തതായും സഖ്യസേന വ്യക്തമാക്കി. ഇതിലൊന്നാണ് റിയാദിന് നേരെ മിസൈല്‍ അയക്കാന്‍ ഭീകരര്‍ ഉപയോഗിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
സ്വയം പ്രതിരോധിക്കാനുള്ള സ്വാഭാവികവും നിയമപരവുമായ അവകാശം വിനിയോഗിച്ചാണ് ഭീഷണിയുടെ ഉറവിടങ്ങള്‍ ഇല്ലാതാക്കാനുള്ള കൃത്യമായ സൈനിക തിരിച്ചടി നല്‍കിയതെന്ന് അറബ് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി പ്രസ്താവനയില്‍ പറഞ്ഞു. ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈല്‍ ശൃംഖല പൂര്‍ണ്ണമായും തകര്‍ക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി മിസൈലുകള്‍ സൂക്ഷിച്ചിരുന്ന അഞ്ച് തുരങ്കങ്ങള്‍, നാല് വിക്ഷേപണ തറകള്‍, മറ്റ് ആയുധ സംഭരണശാലകള്‍ എന്നിവ തകര്‍ത്തതായി അദ്ദേഹം വിശദീകരിച്ചു. കൂടാതെ യമനിലെ വിവിധ മുന്‍നിരകളില്‍ ഹൂത്തികളുടെ സൈനിക ഉപകരണങ്ങളും കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും സഖ്യസേന അറിയിച്ചു.
സൗദിയിലെയും യമനിലെയും സാധാരണക്കാരുടെയും സിവിലിയന്‍ കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഹൂത്തി ഭീകരര്‍ക്കെതിരെ ശക്തമായ പ്രതിരോധ നടപടികള്‍ തുടരുമെന്ന് മേജര്‍ ജനറല്‍ അല്‍-മാലികി വ്യക്തമാക്കി. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്ക് പൂര്‍ണ്ണമായും അനുസൃതമായാണ് എല്ലാ സൈനിക നടപടികളും പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News