റിയാദ്: ഖുര്‍ആന്‍ പഠനവും അതിന്റെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടതിന്റെ പ്രാധാന്യവും വിളംബരം ചെയ്ത് 26-ാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം സമാപിച്ചു. റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ''മാറുന്ന കാലം, മാറ്റമില്ലാത്ത ആദര്‍ശം'' എന്ന പ്രമേയത്തില്‍ റിയാദ് ശിഫയിലെ ഹൈക്ലാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പഠനസമ്മേളനങ്ങള്‍, സാംസ്‌കാരിക സംഗമം, വനിതാവിദ്യാര്‍ഥിരക്ഷാകര്‍തൃ സംഗമങ്ങള്‍, കുട്ടികള്‍ക്കായുള്ള പരിപാടികള്‍ എന്നിവയാല്‍ ശ്രദ്ധേയമായ സംഗമം രാവിലെ എട്ടുമുതല്‍ രാത്രി എട്ടരവരെ നീണ്ടു.
വൈകിട്ട് ആറിന് നടന്ന സമാപന സമ്മേളനം ബത്ഹ ദഅ്വ സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് സാലിഹ് ബിന്‍ സഅദ് അല്‍ സൂമാന്‍ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അധ്യാപനങ്ങള്‍ ജീവിതത്തിലുടനീളം മുറുകെപ്പിടിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇസ്ലാഹി സെന്റര്‍ നടത്തിവരുന്ന പ്രബോധന പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. ബത്ഹ ദഅ്വ സൊസൈറ്റി അസിസ്റ്റന്റ് മാനേജര്‍മാരായ മുആദ് ആല്‍ റദ്ആന്‍, ഖാലിദ് മുഹമ്മദ് ജുഅറാന്‍ എന്നിവരും പങ്കെടുത്തു. സൊസൈറ്റിയുടെ മലയാള പ്രബോധകന്‍ മുഹമ്മദ്കുട്ടി കടന്നമണ്ണ ആമുഖപ്രഭാഷണം നടത്തി.
സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഫര്‍ഹാന്‍ കാരക്കുന്ന് സ്വാഗതം പറഞ്ഞു. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍, ഐ.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദു ഷുക്കൂര്‍ സ്വലാഹി, അബ്ബാസ് ചെമ്പന്‍, അബ്ദുല്‍ ഖയ്യും ബുസ്താനി, അബ്ദുര്‍ റസാഖ് സ്വലാഹി, ജംഷിദ് ഇരിവേറ്റി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. ഷാഹിദ് മുസ്ലിം ഫാറൂഖി സമാപനപ്രസംഗം നടത്തി. ഹാഫിള് അബ്ദുസ്സമീഇന്റെ ഖുര്‍ആന്‍ പാരായണത്തോടെയായിരുന്നു സമ്മേളനത്തിന്റെ തുടക്കം. ഇസ്ലാഹി സെന്റര്‍ ട്രഷറര്‍ അബ്ദുസ്സലാം ബുസ്താനി നന്ദി പറഞ്ഞു.
റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വികസിപ്പിച്ച ലേണ്‍ ദി ഖുര്‍ആന്‍ മൊബൈല്‍ ആപ്പിന്റെ പ്രകാശനം സമ്മേളനത്തിലെ ശ്രദ്ധേയമായ ചടങ്ങായി. അമാനി മൗലവിയുടെ ഖുര്‍ആന്‍ വ്യാഖ്യാനത്തെ ആധാരമാക്കി തയ്യാറാക്കിയ ആപ്പ് എം.എം. അക്ബര്‍ പ്രകാശനം ചെയ്തു. പ്രൊജക്റ്റ് മാനേജര്‍ ഫൈസല്‍ കുനിയില്‍ ആപ്പിന്റെ സവിശേഷതകള്‍ വിശദീകരിച്ചു.
ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സമ്മേളനത്തില്‍ വിതരണം ചെയ്തു. കെ.എന്‍.എം. വിദ്യാഭ്യാസ ബോര്‍ഡ് സൗദി അറേബ്യയില്‍ നടത്തിയ അഞ്ചാം, ഏഴാം ക്ലാസ് പൊതുപരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു.
രാവിലെ നടന്ന വളന്റിയര്‍ സംഗമത്തില്‍ മൂസ തലപ്പാടി അധ്യക്ഷത വഹിച്ചു. റഷീദ് വടക്കന്‍ സ്വാഗതം പറഞ്ഞു. വളന്റിയര്‍ ക്യാപ്റ്റന്‍ ഇക്ബാല്‍ വേങ്ങര പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഷാഹിദ് മുസ്ലിം ഫാറൂഖി ക്ലാസെടുത്തു. അഷ്റഫ് തിരുവനന്തപുരം നന്ദി പറഞ്ഞു.
രാവിലെ ഒമ്പതരയ്ക്ക് നടന്ന ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തക സംഗമം അബ്ദു ഷുക്കൂര്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖയ്യും ബുസ്താനി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ സ്വാഗതം പറഞ്ഞു. എം.എം. അക്ബര്‍ ക്ലാസെടുത്തു. തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്കുശേഷം അബ്ദുസ്സലാം ബുസ്താനി നന്ദി പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നിന് നടന്ന സൗദി നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കബീര്‍ സലഫി സ്വാഗതം പറഞ്ഞു. അജ്മല്‍ മദനി, ജംഷിദ് സുല്ലമി ഇരിവേറ്റി, മുജീബ് അലി തൊടികപുലം എന്നിവര്‍ സംസാരിച്ചു. ഐ.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദു ഷുക്കൂര്‍ സ്വലാഹി പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി മുഹമ്മദ് നൂര്‍ഷ നന്ദി പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടന്ന ഇസ്ലാഹി സംഗമത്തില്‍ മുജീബ് അലി തൊടികപുലം അധ്യക്ഷത വഹിച്ചു. സാജിദ് കൊച്ചി ആമുഖപ്രഭാഷണം നടത്തി. ഒസാമ മുഹമ്മദ്, സനീര്‍ സ്വലാഹി, ഷുക്കൂര്‍ സ്വലാഹി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ശംസുദ്ദീന്‍ പുനലൂര്‍ നന്ദി പറഞ്ഞു.
മറ്റൊരു വേദിയില്‍ നടന്ന വനിതാ സമ്മേളനത്തില്‍ ജൂന ആസിഫ് സ്വാഗതം പറഞ്ഞു. ബുഷ്റ, ദില്‍ഷ, സമീല എന്നിവര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. ഷാഹിദ് മുസ്ലിം ഫാറൂഖി ക്ലാസെടുത്തു. തുടര്‍ന്നു നടന്ന പാനല്‍ ചര്‍ച്ചയില്‍ ശാഹിദ ശംസീര്‍ വിഷയാവതരണം നടത്തി. ഖമര്‍ നൗഷാദ് മോഡറേറ്ററായിരുന്നു. നഫീസ ടീച്ചര്‍, റാഹില ടീച്ചര്‍, റിഫ ഫാത്തിമ, റജീന ടീച്ചര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അമീന ടീച്ചര്‍ ഉപസംഹാരം നിര്‍വഹിച്ചു. സമ്മാനദാനത്തിനുശേഷം ലുബ്ന ഫൈസല്‍ നന്ദി പറഞ്ഞു. നസ്രീന്‍ ജലാല്‍ അവതാരകയായിരുന്നു.
ഉച്ചയ്ക്ക് രണ്ടിന് 'Through the Right Path, To the Right Goal' എന്ന പ്രമേയത്തില്‍ ഹൈസെക് വിദ്യാര്‍ഥി സംഗമം നടന്നു. ഫര്‍ഹാന്‍ ഇസ്ലാഹി അധ്യക്ഷത വഹിച്ചു. ആതിഫ് ബുഖാരി സ്വാഗതം പറഞ്ഞു. ജംഷിദ് സുല്ലമി ഇരിവേറ്റി ഉദ്ഘാടനം ചെയ്തു. ഷാഹിദ് ഫാറൂഖി, റഫീഖ് സലഫി, അജ്മല്‍ മദനി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ആസിഫ് കണ്ണിയന്‍ നന്ദി പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടേമുക്കാലിന് ''വീണ്ടെടുക്കാം മതേതര ഇന്ത്യയെ'' എന്ന വിഷയത്തില്‍ നടന്ന സാംസ്‌കാരിക സംഗമം മുഹമ്മദ് കബീര്‍ സലഫി ഉദ്ഘാടനം ചെയ്തു. നൗഷാദ് അലി കോഴിക്കോട് അധ്യക്ഷത വഹിച്ചു. ഉമര്‍ ഖാന്‍ സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താര്‍ താമരത്ത് (കെ.എം.സി.സി.), അഡ്വ. അജിത് (ഒ.ഐ.സി.സി.), മുഹമ്മദ് അനസ് (കേളി), നൗഫല്‍ പാലക്കാടന്‍ (മീഡിയ ഫോറം) എന്നിവര്‍ സംസാരിച്ചു. ഷാനവാസ് വയനാട് നന്ദി പറഞ്ഞു.
വൈകിട്ട് നാലിന് 'Connecting Hearts, Building Faith' എന്ന പ്രമേയത്തില്‍ രക്ഷാകര്‍തൃ സംഗമം നടന്നു. അംജദ് കുനിയില്‍ ആമുഖപ്രഭാഷണം നടത്തി. ഷാഹിദ് ഫാറൂഖി, എം.എം. അക്ബര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ബഷീര്‍ സ്വലാഹി ചര്‍ച്ചകള്‍ ക്രോഡീകരിച്ചു.
കുട്ടികള്‍ക്കായി തുറന്ന വേദിയില്‍ സംഘടിപ്പിച്ച ചില്‍ഡ്രന്‍സ് കോര്‍ണറും ശ്രദ്ധേയമായി. അബ്ദുറസാഖ് എടക്കര ആമുഖപ്രഭാഷണം നടത്തി. ഹനീഫ മാസ്റ്റര്‍ പരിപാടികള്‍ നിയന്ത്രിച്ചു. മുജീബ് നെല്ലാംകണ്ടി കുട്ടികള്‍ക്ക് ക്ലാസെടുത്തു. മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ക്കൊപ്പം കളറിങ്, ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിച്ചു.
ഹൈക്ലാസ് ഓഡിറ്റോറിയത്തിലും ഇസ്തിറാഹയിലുമായി നടന്ന സംഗമത്തിന്റെ വിജയത്തിനായി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിലെ നൂറോളം പ്രവര്‍ത്തകര്‍ വിവിധ മേഖലകളില്‍ നേതൃത്വം നല്‍കി. സൗദി മതകാര്യ വകുപ്പിന്റെയും ബത്ഹ ദഅ്വ സൊസൈറ്റിയുടെയും അംഗീകാരത്തോടെ നാല് പതിറ്റാണ്ടിലേറെയായി റിയാദില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍.
ഖുര്‍ആന്‍ പഠനവും അതിന്റെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കലും ലക്ഷ്യമിട്ട് 2000-ല്‍ ആരംഭിച്ച ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതി, ഒരു സമ്പൂര്‍ണ പഠനചക്രം പൂര്‍ത്തിയാക്കിയശേഷം പുനരാരംഭിച്ച് നിലവില്‍ ഒമ്പതാം ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഖുര്‍ആനിന്റെ ആശയങ്ങളും സന്ദേശങ്ങളും സമൂഹത്തിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ നടത്തിവരുന്നത്.