ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിവാദ പ്രസ്താവനയുടെ പേരില്‍ ദേശവ്യാപക പ്രതിഷേധം നടത്തുന്ന ബി.ജെ.പിയുടേത് ഇരട്ടത്താപ്പാണെന്ന കോണ്‍ഗ്രസ്. രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസ്താവനകള്‍ നടത്തിയിട്ടുള്ള ബി.ജെ.പി ഇപ്പോള്‍ ഖാര്‍ഗെയുടെ വാക്കുകളുടെ പേരില്‍ പ്രതിഷേധിക്കുന്നത് ഇരട്ടത്താപ്പാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരേതനായ പിതാവിനെ പരാമര്‍ശിച്ചുള്ള ഖാര്‍ഗെയുടെ പ്രസ്താവനയാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. ശശി തരൂരിന്റെ ഭാര്യയെ 50 കോടിയുടെ കാമുകി എന്നും സോണിയ ഗാന്ധിയെ ജഴ്‌സിപ്പശു എന്നും നരേന്ദ്ര മോഡി തന്നെ അപഹസിച്ചത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
തനിക്കെതിരെ ബി.ജെ.പി പലതവണ ജാതി അധിക്ഷേപം നടത്തിയ കാര്യം ഖാര്‍ഗെ ഓര്‍മിപ്പിച്ചു. ഓഗസ്റ്റ് എട്ടിന് നടന്ന കോണ്‍ഗ്രസ് പൊതുയോഗത്തിനുശേഷം ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ ശുദ്ധീകരണ ചടങ്ങ് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംഭവത്തില്‍ ബി.ജെ.പി നേതാവ് ജെ.പി. നദ്ദക്ക് പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിക്കേണ്ടി വന്നുവെന്നും എന്നാല്‍ കുറ്റവാളികള്‍ക്കെതിരെ തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്നും ഖാര്‍ഗെ എക്‌സിലെ കുറിപ്പില്‍ ആരോപിച്ചു. പകരം രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൊട്ടുകൂടായ്മ പോലുള്ള വിവേചനങ്ങള്‍ പ്രയോഗിക്കുന്നവരെ സംരക്ഷിച്ചുകൊണ്ട് ഭരണഘടനയെക്കുറിച്ച് സംസാരിക്കുകയാണ് പ്രധാനമന്ത്രിയെന്നും ഖാര്‍ഗെ ആരോപിച്ചു. ജാതിവിവേചനം അവസാനിപ്പിക്കാന്‍ ബിഹാറിലെ ജനങ്ങള്‍ മുന്നോട്ടുവരണമെന്നും സമാധാനത്തിനും പുരോഗതിക്കും വിവേചനമുക്തമായ സമൂഹം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഖാര്‍ഗെയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗേല്‍ രംഗത്തെത്തി. പ്രസംഗത്തിനിടെ ഒരാള്‍ ഇടപെട്ട് തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് ഖാര്‍ഗെ പ്രതികരിച്ചതെന്നും അതില്‍ എന്താണ് അധിക്ഷേപമെന്നും അദ്ദേഹം ചോദിച്ചു.
ബി.ജെ.പിയും ആര്‍.എസ്.എസും ഖാര്‍ഗെയെ രണ്ടുതവണ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആരോപിച്ചു.
Related News