ന്യൂഡല്‍ഹി - സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സി.ബി.എഫ്.സി.) ഓണ്‍ലൈന്‍ പോര്‍ട്ടലിലുണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ഫീച്ചര്‍ ഫിലിമുകള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം സിനിമകളുടെ സര്‍ട്ടിഫിക്കേഷന്‍ രേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. തിയേറ്റര്‍ റിലീസിനായി നിര്‍മാതാക്കള്‍ സമര്‍പ്പിച്ച സ്‌ക്രിപ്റ്റുകള്‍, കട്ട് ഓര്‍ഡറുകള്‍, മറ്റ് നിര്‍ണായക അനുബന്ധ രേഖകള്‍ എന്നിവയാണ് പുറത്തായത്. സിനിമകളുടെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായി ഒരു പതിറ്റാണ്ട് മുമ്പ് ആരംഭിച്ച 'ഇ-സിനിപ്രമാണ്‍' പോര്‍ട്ടല്‍ വഴിയാണ് ഈ സുരക്ഷാ പിഴവുണ്ടായതെന്ന് 'ദി ഹിന്ദു' റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മാതാക്കള്‍ സര്‍ട്ടിഫിക്കേഷനായി രേഖകള്‍ അപ്ലോഡ് ചെയ്തിരുന്ന ഈ പോര്‍ട്ടലില്‍, നേരത്തെ അപ്ലോഡ് ചെയ്ത് പിന്നീട് നീക്കം ചെയ്ത ചില രേഖകള്‍ ഉള്‍പ്പെടെയുള്ളവ ദിവസങ്ങളോളം മറ്റുള്ളവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ ലഭ്യമായിരുന്നു.
സിനിമകളുടെ ഡിജിറ്റല്‍ ദൃശ്യങ്ങള്‍ നേരിട്ട് ചോര്‍ന്നിട്ടില്ലെങ്കിലും, ചിത്രങ്ങളുടെ ഷൂട്ടിങ് സ്‌ക്രിപ്റ്റുകളും കട്ട് ഓര്‍ഡറുകളും ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ ഡിജിറ്റല്‍ ലൈബ്രറിയായ 'ഇന്റര്‍നെറ്റ് ആര്‍ക്കൈവ്' വഴി പുറത്തായവയില്‍ ഉള്‍പ്പെടുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഈ വിവരങ്ങള്‍ പിന്നീട് നീക്കം ചെയ്തുവെങ്കിലും, സിനിമകള്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ഇത്തരം സ്‌ക്രിപ്റ്റുകളും സര്‍ട്ടിഫിക്കേഷന്‍ വിവരങ്ങളും പരസ്യമാകുന്നത് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വലിയ തിരിച്ചടിയാണ്. ഇതിനുപുറമേ, സിനിമകളുടെ വാണിജ്യ വിവരങ്ങളും സാമ്പത്തിക കരാറുകളും പരസ്യമായിട്ടുണ്ട്. ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ബ്രസീലിയന്‍ ചിത്രം 'ദി സീക്രട്ട് ഏജന്റ്', ഹോളിവുഡ് ചിത്രം 'ഗുഡ് ലക്ക്, ഹാവ് ഫണ്‍, ഡോണ്ട് ഡൈ' തുടങ്ങിയ ചിത്രങ്ങളുടെ പ്രാദേശിക വിതരണ കരാറുകളാണ് ഇത്തരത്തില്‍ പുറത്തായത്. ഇവയില്‍ കുറഞ്ഞത് മൂന്ന് കരാറുകളിലെങ്കിലും ലൈസന്‍സിംഗിനായി നല്‍കിയ തുക എത്രയെന്ന് വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്.
വരുമാനം പങ്കുവെക്കല്‍, ബൗദ്ധിക സ്വത്തവകാശം, പ്രചാരണ ബാധ്യതകള്‍, നിര്‍മാണ നിബന്ധനകള്‍ തുടങ്ങിയ വാണിജ്യ രഹസ്യങ്ങള്‍ പരസ്യമാകുന്നത് വിതരണക്കാരും നിര്‍മാതാക്കളും തമ്മിലുള്ള ഭാവി ചര്‍ച്ചകളെയും കച്ചവടത്തെയും ദോഷകരമായി ബാധിച്ചേക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം ആരംഭിച്ചതായും പോര്‍ട്ടലിന്റെ സുരക്ഷാ ഓഡിറ്റ് നടത്തിവരികയാണെന്നും സി.ബി.എഫ്.സി. വ്യക്തമാക്കി. വ്യക്തിഗത ചലച്ചിത്ര പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും, ചോര്‍ച്ചയുടെ പൂര്‍ണ്ണമായ വ്യാപ്തി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അധികാരികള്‍ കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട അക്കൗണ്ട് നീക്കം ചെയ്യുകയും സൈബര്‍ ക്രൈം അധികാരികള്‍ക്കും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനും ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തതായി ഇന്റര്‍നെറ്റ് ആര്‍ക്കൈവ് പ്രതികരിച്ചു.
Related News