ജിദ്ദ: ജിദ്ദ മല്ലൂസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സര്‍ഗ്ഗസദസ്സില്‍, 'മീലാസ് മുള്ളമ്പാറ' എന്ന തൂലികാനാമത്തില്‍ ശ്രദ്ധേയനായ സലീം മുള്ളമ്പാറയുടെ മൂന്ന് പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ജിദ്ദയിലെ പ്രമുഖ എഴുത്തുകാരുടെയും സാംസ്‌കാരിക നായകരുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍, അദ്ദേഹത്തിന്റെ 'മലപ്പുറം കിസ്സ' എന്ന നോവല്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുസാഫിര്‍, ബഷീര്‍ വള്ളിക്കുന്നിന് നല്‍കി പ്രകാശനം ചെയ്തു. 'വസന്തം വരാതിരിക്കില്ല' എന്ന കവിതാസമാഹാരം ഡോക്ടര്‍ ഇന്ദു, പ്യാരി ടീച്ചര്‍ക്കും സലീന മുസാഫിറിനും നല്‍കിയും, 'ചുവന്ന മനുഷ്യരുടെ നഗരം' എന്ന കഥാസമാഹാരം കബീര്‍ കൊണ്ടോട്ടിയും കെ.ടി.എ. മുനീറും ചേര്‍ന്ന് ഗായകന്‍ മിര്‍സ ഷെരീഫിനും മുസ്തഫ തോളൂരിനും നല്‍കിയും വായനക്കാര്‍ക്ക് സമര്‍പ്പിച്ചു. ലത്തീഫ് എന്‍ കണ്‍ഫര്‍ട്ട്‌സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷമീം ടീച്ചര്‍ അവതാരകയായി.
പ്രവാസത്തിന്റെ നോവുകളെ സത്യസന്ധമായി ആവിഷ്‌കരിച്ച എഴുത്തുകാരനാണ് മീലാസെന്നും, ബാല്യകൗമാരങ്ങളുടെ ഓര്‍മ്മകളിലേക്കുള്ള മനോഹരമായ പിന്‍നടത്തമാണ് 'മലപ്പുറം കിസ്സ'യെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുസാഫിര്‍ അഭിപ്രായപ്പെട്ടു. 'വസന്തം വരാതിരിക്കില്ല' എന്ന കവിതാസമാഹാരത്തെക്കുറിച്ച് ഡോക്ടര്‍ ഇന്ദു സംസാരിച്ചു. ഇത്തരമൊരു പ്രൗഢമായ സദസ്സ് വായന മരിക്കുന്നില്ലെന്നതിന്റെ തെളിവാണ് എന്ന് ബഷീര്‍ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു.
മിര്‍സ ഷെരീഫ്, കബീര്‍ കൊണ്ടോട്ടി, കെ.ടി.എ. മുനീര്‍, ജാഫറലി പാലക്കോട്, അബ്ദുള്ള മുക്കണ്ണി, പ്യാരിമിര്‍സ, സലീന മുസാഫിര്‍, അസൈന്‍ ഇല്ലിക്കല്‍, ജുനൈസ് കാപ്പില്‍, മുസ്തഫ തോളൂര്‍, വാസു ഹംദാന്‍, നൗഷാദ് ചാത്തല്ലൂര്‍, ജനാസര്‍, അരുവി മോങ്ങം, റസാഖ് മാസ്റ്റര്‍, നസീര്‍ വാവ കുഞ്ഞ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സന്തോഷ് കളക്കാട്ട്, അനീസ് പുഴക്കാട്ടിരി എന്നിവരുടെ ഗാനങ്ങള്‍ സദസ്സിന് മാറ്റ് കൂട്ടി. ജിദ്ദ മല്ലൂസിന്റെ ഉപഹാരം കഥാകാരന്‍ സലീം മീലാസിന് യൂസുഫ്, ഫസലു, യാസിന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. അയ്യൂബ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
പതിനാലാം വയസ്സുവരെയുള്ള മലപ്പുറത്തെ ജീവിതവും തുടര്‍ന്ന് മഞ്ചേരി മുള്ളമ്പാറയിലേക്കുള്ള മാറ്റവുമാണ് തന്റെ സാഹിത്യ വീക്ഷണങ്ങളെ രൂപപ്പെടുത്തിയതെന്ന് മറുപടി പ്രസംഗത്തില്‍ മീലാസ് മുള്ളമ്പാറ പറഞ്ഞു. മലപ്പുറത്തെ പബ്ലിക് ലൈബ്രറിയാണ് വായനയുടെ വാതായനങ്ങള്‍ തുറന്നതെന്നും, പ്രവാസത്തിലെ ഒറ്റപ്പെടലില്‍ നിന്നുള്ള മോചനമായാണ് താന്‍ എഴുത്തിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അദ്‌നു ഷബീര്‍ നന്ദി രേഖപ്പെടുത്തി.