റിയാദ് - സിംഗപ്പൂരില്‍ സൗദി അറേബ്യന്‍ അസംസ്‌കൃത എണ്ണ സംഭരിക്കുന്നതിനുള്ള സംയുക്ത കരാറുകളില്‍ ഒപ്പുവെക്കാന്‍ സൗദി അറേബ്യന്‍ ഊര്‍ജ്ജ മന്ത്രാലയവും സിംഗപ്പൂര്‍ ഊര്‍ജ്ജ, വാണിജ്യ, വ്യവസായ മന്ത്രാലയവും തീരുമാനിച്ചു. സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ എനര്‍ജി വീക്കില്‍ സിംഗപ്പൂര്‍ എനര്‍ജി മാര്‍ക്കറ്റ് അതോറിറ്റി, ജെ.ടി.സി കോര്‍പ്പറേഷന്‍ എന്നിവയും സൗദി അരാംകോയും തമ്മില്‍ ധാരണാപത്രങ്ങള്‍ കൈമാറി.
സിംഗപ്പൂരിലെ ജൂറോങ് ദ്വീപിലുള്ള ജൂറോങ് പാറക്കെട്ടുകള്‍ക്കുള്ളിലെ ഭൂഗര്‍ഭ കേന്ദ്രങ്ങളിലാണ് സൗദി എണ്ണ സംഭരിക്കുന്നത്. 2027 രണ്ടാം പകുതിയോടെ ഇവിടുത്തെ സംഭരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ അന്തിമ തയ്യാറെടുപ്പുകള്‍ക്കായി ഇരു മന്ത്രാലയങ്ങളും മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സൗദി അറേബ്യയുടെ എണ്ണ വിതരണ ശൃംഖലയെ കൂടുതല്‍ ശക്തവും സുരക്ഷിതവുമാക്കാന്‍ ഈ നീക്കം സഹായിക്കും. ഭാവിയില്‍ എണ്ണ വിതരണത്തില്‍ എന്തെങ്കിലും തടസ്സങ്ങള്‍ നേരിട്ടാല്‍ സിംഗപ്പൂരിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാനും രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനും ഈ സംഭരണ ശേഖരം ഉപകരിക്കും. സൗദിയും സിംഗപ്പൂരും തമ്മിലുള്ള ഊര്‍ജ്ജ സഹകരണത്തിലെ പുതിയ നാഴികക്കല്ലായ ഈ പദ്ധതി, മേഖലയിലെ പ്രമുഖ ഊര്‍ജ്ജ കേന്ദ്രമെന്ന നിലയില്‍ സിംഗപ്പൂരിന്റെ സ്ഥാനം കൂടുതല്‍ ശക്തമാക്കും.
Related News