കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ച് അവബോധം വളര്‍ത്താനും ലക്ഷ്യമിട്ട് ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തില്‍ കേരള പൊലീസ് നടപ്പാക്കുന്ന CLICK (Community Led Initiative for Cyber Resilient Keralam) പ്രചാരണത്തിന് നാളെ (ഒക്ടോബര്‍ 31) തുടക്കമാകും. 2027ഓടെ സമ്പൂര്‍ണ സൈബര്‍ റെസിലിയന്റ് കേരളം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും ക്യാമ്പയിന്റെ ഭാഗമാകും.
രാവിലെ 10.30നു കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷനാവും. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, സോഹോ കോര്‍പറേഷന്‍ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സൈബര്‍ സേഫ് വില്ലേജ്, സൈബര്‍ റെസിലിയന്റ് സെന്ററുകള്‍, സൈബര്‍ ക്യാപ്ടന്‍മാര്‍, സൈബര്‍ ഫസ്റ്റ് റെസ്പോണ്ടേഴ്സ് എന്നിവയുടെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.
ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ക്കും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കുമെതിരെ ജനങ്ങളെ അണിനിരത്തുകയും സൈബര്‍ സുരക്ഷ സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമായി വളര്‍ത്തുകയുമാണ് CLICK ലക്ഷ്യമിടുന്നത്.
സൈബര്‍ ആക്രമണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ആക്രമണങ്ങള്‍ ഉണ്ടായാല്‍ വേഗത്തില്‍ അതിജീവിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാനുമുള്ള വ്യക്തികളുടെയും സമൂഹത്തിന്റെയും ശേഷിയാണ് സൈബര്‍ റെസിലിയന്‍സ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ മേഖല, സാമൂഹിക സംഘടനകള്‍, യുവജനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരെ ഒരുമിപ്പിച്ച് സൈബര്‍ സുരക്ഷയെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയാണ് CLICK വിഭാവനം ചെയ്യുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ പ്രതിരോധത്തില്‍ കേരള പൊലീസിനൊപ്പം പൊതുജനങ്ങള്‍ക്കും സജീവ പങ്കാളികളാകാന്‍ അവസരമൊരുക്കും.
''അറിവിലൂടെ ജാഗ്രത, ജാഗ്രതയിലൂടെ പ്രതിരോധം'' എന്ന സന്ദേശവുമായി സുരക്ഷിതവും ഉത്തരവാദിത്തപൂര്‍ണവും സൈബര്‍ ഭീഷണികളെ ഫലപ്രദമായി നേരിടാന്‍ ശേഷിയുള്ളതുമായ കേരളം കെട്ടിപ്പടുക്കാനുള്ള കൂട്ടായ ശ്രമത്തിനാണ് CLICK തുടക്കം കുറിക്കുന്നത്.
ഡിജിറ്റല്‍ ലോകത്ത് സമ്പൂര്‍ണ്ണ സുരക്ഷ എന്ന ഒന്നില്ല. ഏതെങ്കിലും വിധത്തില്‍ സൈബര്‍ കുറ്റവാളികള്‍ വ്യക്തികളെ ടാര്‍ഗറ്റ് ചെയ്തുവെന്നിരിക്കും. അങ്ങനെ സംഭവിച്ചാല്‍ ഭയവും നാണവും മൂലം ഉള്‍വലിയാതെ സ്വയം പ്രതിരോധിക്കാനും നഷ്ടത്തില്‍ നിന്നും അപമാന ഭയത്തില്‍ നിന്നും കരകയറാനും സമൂഹത്തെ പ്രാപ്തമാക്കുവാന്‍ പദ്ധതി ലക്ഷ്യമിടുന്നു.
Related News