ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജ്ഞാനേഷ് കുമാറിനെതിരെ ആറ് ആരോപണങ്ങളുന്നയിച്ച് ഇന്ത്യാ സഖ്യത്തിന്റെ പ്രതീകാത്മക 'ജനകീയ ഇംപീച്ച്‌മെന്റ്'. വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്.ഐ.ആറിലൂടെ വോട്ടര്‍മാരെ നീക്കം ചെയ്തും തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നും ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കാണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന പരിപാടിയില്‍ ജ്ഞാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന പ്രമേയം പങ്കെടുത്തവര്‍ കൈയുയര്‍ത്തി ഏകകണ്ഠമായി പാസാക്കി.
മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറിന്റെ അധ്യക്ഷതയിലായിരുന്നു പ്രതീകാത്മക സഭാനടപടികള്‍. ഖാര്‍ഗെ അവതരിപ്പിച്ച പ്രമേയത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ ആറു കുറ്റങ്ങളാണ് ഉന്നയിച്ചത്. എസ്.ഐ.ആര്‍. നടപടിയിലൂടെ 13.2 കോടി വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കിയെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ ഫോം 6ല്‍ മാറ്റം വരുത്തിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇ.സി.ഐ.നെറ്റ് സംവിധാനത്തിലൂടെ വോട്ടര്‍പട്ടികയുടെ നിയന്ത്രണം ഏറ്റെടുത്തെന്നും ഖാര്‍ഗെ ആരോപിച്ചു. മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തീരുമാനമെടുക്കുന്ന പ്രക്രിയയില്‍നിന്ന് മാറ്റിനിര്‍ത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടനയുടെ 326ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കുമുള്ള വോട്ടവകാശം ഗുരുതരമായ ഭീഷണി നേരിടുകയാണെന്ന് ഖാര്‍ഗെ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഭരണഘടനയുടെ അന്തസ്സിനും നിഷ്പക്ഷതയ്ക്കും അനുസൃതമായി പ്രവര്‍ത്തിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു.
ജനങ്ങളുടെ വോട്ടുകള്‍ ഇല്ലാതാക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെയാണ് ഈ നീക്കമെന്നd പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. എസ്.ഐ.ആറിലൂടെ 13.3 കോടി വോട്ടുകള്‍ നീക്കം ചെയ്തുവെന്നും ഇത് രാജ്യത്തെ ആകെ വോട്ടര്‍മാരുടെ 15 ശതമാനത്തോളം വരുമെന്നും രാഹുല്‍ ആരോപിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരും പ്രതിപക്ഷവും തമ്മിലുള്ള വോട്ടുവ്യത്യാസം മൂന്ന് ശതമാനം മാത്രമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കണക്കുകള്‍ തിരഞ്ഞെടുപ്പ് ക്രമക്കേടിന്റെ തെളിവാണെന്നായിരുന്നു രാഹുലിന്റെ വാദം. ഗ്യാനേഷ് കുമാറിനെതിരെ കോടതിയില്‍ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നടത്തണമെന്ന ആവശ്യവും പ്രമേയത്തില്‍ ഉന്നയിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി., സി.പി.എം., സി.പി.ഐ. തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളും എം.പിമാരും പരിപാടിയില്‍ പങ്കെടുത്തു. സാമൂഹിക പ്രവര്‍ത്തകരും വോട്ടര്‍പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യപ്പെട്ടതായി പരാതിയുള്ളവരും അനുഭവങ്ങള്‍ പങ്കുവെച്ചു.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കാനുള്ള പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഏപ്രിലില്‍ അത് തള്ളിയിരുന്നു. അതിനു പിന്നാലെയാണ് പൊതുവേദിയില്‍ പ്രതീകാത്മക നടപടിയുമായി ഇന്ത്യാ സഖ്യം രംഗത്തെത്തിയത്. എസ്.ഐ.ആറിനും 'വോട്ട് മോഷണ' ആരോപണങ്ങള്‍ക്കുമെതിരെ ഞായറാഴ്ച ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടത്താനിരിക്കുന്ന പ്രതിപക്ഷ റാലിക്ക് മുന്നോടിയായാണ് പരിപാടി.
Related News