തെഹ്‌റാന്‍; ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി ഇറാനും ഖത്തറും. ദോഹയില്‍ ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ വീണ്ടും ചര്‍ച്ച നടത്തി. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാനെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ സൈനികാക്രമണത്തിന് ഉത്തരവിട്ടേക്കുമെന്ന ആശങ്ക മേഖലയില്‍ ശക്തമാണ്.
ഉപാധികള്‍ അമേരിക്ക അംഗീകരിച്ചാല്‍ രണ്ടുദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനുള്ള പദ്ധതിയില്‍ ഖത്തര്‍ മധ്യസ്ഥരുമായി ചര്‍ച്ച തുടരുകയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാന്റെ ഉപാധികള്‍ അംഗീകരിക്കണമെന്നാണ് തെഹ്‌റാന്റെ നിലപാട്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അയച്ച കത്ത് പരിശോധിച്ചെന്നും വാഷിങ്ടണിന്റെ നിലപാടില്‍ വലിയ മാറ്റം പ്രകടമാണെന്നും ഇറാന്‍ സുരക്ഷാ മേധാവി മൊഹ്‌സെന്‍ രിസായി പറഞ്ഞു. ഇത് അനുകൂല സൂചനയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
വെള്ളിയാഴ്ച തെഹ്‌റാനില്‍ ഇറാന്‍-ഖത്തര്‍ പ്രതിനിധികള്‍ 12 മണിക്കൂറിലേറെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ദോഹയിലെ കൂടിക്കാഴ്ച. വാഷിങ്ടണുമായുള്ള നേരിട്ടും പരോക്ഷവുമായ ആശയവിനിമയം തുടരുകയാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. നയതന്ത്ര പരിഹാരത്തിനാണ് ട്രംപിന് താല്‍പര്യമെന്നും എന്നാല്‍ സൈനിക നടപടി വേണ്ടിവന്നാല്‍ അതിനും അമേരിക്ക സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും സൈനിക സന്നാഹം ശക്തമാക്കാനാണ് ഇറാന്റെ തീരുമാനം. ഏതു തരത്തിലുള്ള ഭീഷണിക്കും ഉടനടി ശക്തമായ തിരിച്ചടി നല്‍കാന്‍ സായുധസേന സജ്ജമായിരിക്കണമെന്ന് പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ നിര്‍ദേശിച്ചു. ഹോര്‍മുസ് കടലിടുക്ക്, ഗള്‍ഫ് തീരം, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും രാജ്യത്തിന്റെ അതിര്‍ത്തികളിലും സൈനിക ജാഗ്രത ശക്തമാക്കിയതായി ഇറാന്‍ അറിയിച്ചു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്ന് വീണ്ടും ആക്രമണമുണ്ടായാല്‍ അയല്‍രാജ്യങ്ങളിലെ അവരുടെ ലക്ഷ്യങ്ങള്‍ക്കെതിരെയും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇരുപക്ഷവും പരസ്പര വിശ്വാസം വളര്‍ത്താന്‍ ക്രമപ്രവൃദ്ധമായ നടപടികള്‍ സ്വീകരിക്കുകയും പിന്നീട് സമഗ്ര സമാധാന ചര്‍ച്ചകളിലേക്ക് നീങ്ങുകയും ചെയ്യണമെന്നതായിരുന്നു ഖത്തര്‍ മുന്നോട്ടുവെച്ച ഏഴുദിവസത്തെ നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശം തൃപ്തികരമല്ലെന്നാണ് ഇറാന്റെ നിലപാട്. തുറമുഖ ഉപരോധം നീക്കുക, മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുക, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ പിന്തുണയുള്ള സംവിധാനം അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ സ്വന്തം നിര്‍ദേശമാണ് തെഹ്‌റാന്‍ മുന്നോട്ടുവെക്കുന്നത്. ഇത് ട്രംപ് തള്ളിയിരുന്നു.
യുദ്ധം പുനരാരംഭിച്ചാല്‍ ആണവായുധം സംബന്ധിച്ച ദീര്‍ഘകാല നിലപാട് പുനഃപരിശോധിക്കണമോയെന്ന കാര്യത്തില്‍ ഇറാനില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും രിസായി പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. ആണവപദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും അമേരിക്ക ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് തെഹ്‌റാന്റെ നിലപാട്.
നവംബര്‍ മൂന്നിലെ അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം സൈനിക നടപടി പുനരാരംഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന വിലയിരുത്തലുകള്‍ക്കിടയിലാണ് മേഖലയില്‍ സമാധാനശ്രമങ്ങളും സൈനിക ജാഗ്രതയും ഒരേസമയം തുടരുന്നത്.
Related News