മുംബൈ: നവംബര്‍ നാല് മുതല്‍ 14 വരെ ഒമാനിലെ മസ്‌കത്തില്‍ നടക്കുന്ന അണ്ടര്‍19 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും മക്കള്‍ ഇടംപിടിച്ചു. ആര്യവീര്‍ സെവാഗും അന്വയ് ദ്രാവിഡുമാണ് 15 അംഗ ടീമില്‍ ഉള്‍പ്പെട്ടത്. ലക്ഷ്യ റായ്ചന്ദാനി ക്യാപ്റ്റനായും യശ്വര്‍ധന്‍ ചൗഹാന്‍ വൈസ് ക്യാപ്റ്റനായും തുടരും.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരകളിലെ മികച്ച പ്രകടനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഏഷ്യാ കപ്പിനിറങ്ങുന്നത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന ചതുര്‍ദിന മത്സര പരമ്പരയില്‍ ഓസ്‌ട്രേലിയയെ 2-0നും ഏകദിന പരമ്പരയില്‍ 3-0നും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. നേരത്തേ ശ്രീലങ്കയില്‍ നടന്ന രണ്ട് മത്സരങ്ങളടങ്ങിയ ചതുര്‍ദിന പരമ്പരയും ഇന്ത്യ 1-0ന് സ്വന്തമാക്കി. എന്നാല്‍ ഏകദിന പരമ്പരയില്‍ ശ്രീലങ്കയോട് 1-2 ന് പരാജയപ്പെട്ടു.
ഓസ്‌ട്രേലിയക്കെതിരായ ചതുര്‍ദിന മത്സരങ്ങളില്‍ ലക്ഷ്യ റായ്ചന്ദാനിയായിരുന്നു ഇന്ത്യയുടെ പ്രധാന ബാറ്റര്‍. മൂന്ന് ഇന്നിങ്‌സുകളില്‍നിന്ന് 250 റണ്‍സ് നേടിയ താരം ആദ്യ മത്സരത്തില്‍ 240 റണ്‍സും അടിച്ചു. ഏകദിന പരമ്പരയില്‍ യശ്വര്‍ധന്‍ ചൗഹാനാണ് തിളങ്ങിയത്. രണ്ട് ഇന്നിങ്‌സുകളില്‍ 176 റണ്‍സ് നേടിയ ചൗഹാന്‍ രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയും കുറിച്ചു.
ഏകദിന പരമ്പരയില്‍ ആര്യവീര്‍ സെവാഗ് 28, 47, 34 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്. ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറായ അന്വയ് ദ്രാവിഡ് ഓസ്‌ട്രേലിയക്കെതിരായ രണ്ട് ഏകദിനങ്ങളില്‍ 38, 9 റണ്‍സ് നേടി. ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയുടെ അവസാന മത്സരത്തില്‍ 67 പന്തില്‍ 87 റണ്‍സ് സ്വന്തമാക്കി.
കുശാഗ്ര ഓജ, മനാല്‍ ചൗഹാന്‍ എന്നിവരും ബാറ്റിങ്ങില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വലംകൈ മീഡിയം പേസറായ മോഹിത് ഉല്‍വയും മികച്ച ഫോമിലാണ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ചതുര്‍ദിന മത്സരത്തില്‍ പത്താം നമ്പറില്‍ ഇറങ്ങി 84 പന്തില്‍ 92 റണ്‍സ് നേടിയിരുന്നു.
ഏഷ്യാ കപ്പില്‍ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. പാകിസ്താന്‍, നേപ്പാള്‍, യു.എ.ഇ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, മലേഷ്യ, ശ്രീലങ്ക ടീമുകള്‍ ഗ്രൂപ്പ് ബിയിലാണ്. ഓരോ ഗ്രൂപ്പില്‍നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമിഫൈനലിലേക്ക് യോഗ്യത നേടും.
ഇന്ത്യന്‍ ടീം: ലക്ഷ്യ റായ്ചന്ദാനി (ക്യാപ്റ്റന്‍), ആര്യവീര്‍ സെവാഗ്, വി.കെ. വിനീത്, യശ്വര്‍ധന്‍ ചൗഹാന്‍ (വൈസ് ക്യാപ്റ്റന്‍), കുശാഗ്ര ഓജ, അര്‍ജുന്‍ രാജ്പുത്, മനാല്‍ ചൗഹാന്‍, അന്വയ് ദ്രാവിഡ് (വിക്കറ്റ് കീപ്പര്‍), രജത് ബഗേല്‍ (വിക്കറ്റ് കീപ്പര്‍), വി. യശ്വീര്‍, ആര്യന്‍ സാവ്‌സാനി, മോഹിത് ഉല്‍വ, കാവ്യ പട്ടേല്‍, ഷാവിന്‍ വിനോദ്, ഇഷാന്‍ സൂദ്.
Related News