ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സില്‍ (എന്‍.സി.) ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതായി സൂചന. പാര്‍ട്ടിയിലെ 'പ്രീണന സംസ്‌കാരം' അവസാനിപ്പിക്കണമെന്നും സംഘടനാപരവും ഭരണപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് 17 എം.എല്‍.എമാര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയ്ക്ക് 15 ദിവസത്തെ അന്ത്യശാസനം നല്‍കി.
വെള്ളിയാഴ്ച ശ്രീനഗറിലെ ഹുംഹാമയില്‍ ലോളാബ് എം.എല്‍.എ ഖൈസര്‍ ജംഷീദ് ലോണിന്റെ വസതിയിലായിരുന്നു യോഗം. 17 നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എമാര്‍ക്കു പുറമെ ഭരണസഖ്യത്തെ പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്ര എം.എല്‍.എയും പങ്കെടുത്തതായാണ് വിവരം. നാലുമണിക്കൂറോളം നീണ്ട യോഗത്തില്‍ മന്ത്രിസഭാ വികസനത്തെ തുടര്‍ന്നുണ്ടായ അതൃപ്തിയും പാര്‍ട്ടിയിലും സര്‍ക്കാരിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും ചര്‍ച്ചയായി.
മൂന്നു ദിവസം മുമ്പാണ് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റും മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല മന്ത്രിസഭ വികസിപ്പിച്ചത്. എന്നാല്‍, മന്ത്രിസഭയില്‍ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പല നേതാക്കള്‍ക്കും പരിഗണന ലഭിച്ചില്ല. ഇതാണ് പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ പരസ്യമാകാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയിലും സര്‍ക്കാരിന്റെ തീരുമാനങ്ങളെടുക്കുന്ന രീതിയിലും ഏതാനും നേതാക്കള്‍ക്കും വ്യക്തികള്‍ക്കും അമിത സ്വാധീനമുണ്ടെന്ന പരാതിയാണ് ആരോപണത്തിനു പിന്നില്‍. നേതൃത്വവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും എം.എല്‍.എമാര്‍ യോഗത്തില്‍ ഉന്നയിച്ചതായാണ് വിവരം.
രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ മന്ത്രിമാരും സ്ഥാനമൊഴിഞ്ഞ് മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്നാണ് യോഗത്തിലുണ്ടായ പൊതുവായ ആവശ്യം. പാര്‍ട്ടിക്കും സര്‍ക്കാരിനും വേണ്ടി വിയര്‍പ്പൊഴുക്കിയവര്‍ അവഗണിക്കപ്പെട്ടുവെന്നും പരാതിയുയര്‍നനു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് നസീര്‍ അസലം വാനി, ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി, മന്ത്രി ജാവേദ് റാണ, പാര്‍ട്ടി ട്രഷറര്‍ ഷാമി ഒബറോയ് എന്നിവരെ മാറ്റണമെന്നും ആവശ്യമുണ്ട്.
Related News