വാഷിംഗ്ടണ്‍: യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഭാര്യ ഉഷാ വാന്‍സും തമ്മിലുള്ള രസകരമായ ഒരു സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുടുംബത്തിലേക്ക് അഞ്ചാമതൊരു കുഞ്ഞിനെക്കൂടി സ്വാഗതം ചെയ്യുന്നതിനെക്കുറിച്ച് തമാശ രൂപേണ സംസാരിച്ച തനിക്ക് ഭാര്യ നല്‍കിയ മറുപടിയെക്കുറിച്ച് വോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജെ.ഡി വാന്‍സ് വെളിപ്പെടുത്തിയത്.
തങ്ങള്‍ക്ക് ആറ് കുട്ടികള്‍ വേണമെന്നാണ് ആഗ്രഹമെന്നും, ദിവസങ്ങള്‍ക്ക് മുന്‍പ് അഞ്ചാമതൊരു കുഞ്ഞിനെക്കൂടി വളര്‍ത്തുന്നതിനെക്കുറിച്ച് ഉഷയോട് തമാശയായി സംസാരിച്ചുവെന്നും വാന്‍സ് പറഞ്ഞു. എന്നാല്‍ മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞിനെ പരിചരിക്കുന്നതിനിടയില്‍ ഇനിയൊരു കുഞ്ഞിനെക്കുറിച്ച് തമാശ പറയുകയാണെങ്കില്‍, ജെ.ഡി വാന്‍സ് 'വാസെക്ടമി' ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ പോകുകയാണെന്ന് താന്‍ എക്‌സില്‍ പരസ്യമായി പ്രഖ്യാപിക്കുമെന്ന് ഉഷ മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
ഭാര്യയുടെ ഈ മറുപടിയെ തുടര്‍ന്ന് ആ ചിന്ത താന്‍ അവിടെ ഉപേക്ഷിച്ചതായി വാന്‍സ് തമാശയോടെ വ്യക്തമാക്കി. ഇവാന്‍, വിവേക്, മിരാബെല്‍, അലക് എന്നിങ്ങനെ നാല് മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. വാന്‍സിന്റെ ഈ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഒരു വിഭാഗം ആളുകള്‍ ഇതിനെ ലളിതമായ കുടുംബ തമാശയായി കണ്ടപ്പോള്‍, മറ്റുള്ളവര്‍ രാഷ്ട്രീയ വിമര്‍ശനങ്ങളോടെയാണ് പ്രതികരിച്ചത്.
Related News