കോട്ടയം: രാജ്യത്തെ റബ്ബര്‍ വില ചരിത്രത്തിലാദ്യമായി കിലോയ്ക്ക് 300 രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. വിലക്കയറ്റം റബ്ബര്‍ കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ആഭ്യന്തര വിപണിയില്‍ ഉല്‍പ്പാദനത്തേക്കാള്‍ ഉപഭോഗം ഉയര്‍ന്നുനില്‍ക്കുന്നതും ലഭ്യതയിലെ കുറവും ടയര്‍ നിര്‍മാതാക്കളില്‍നിന്നുള്ള ശക്തമായ ആവശ്യകതയുമാണ് വില ഉയരാന്‍ പ്രധാന കാരണങ്ങള്‍.
രാജ്യത്ത് റബ്ബര്‍ ഉല്‍പ്പാദനവും ഉപഭോഗവും തമ്മില്‍ വലിയ അന്തരമുണ്ട്. പ്രതിവര്‍ഷം ആവശ്യമായ റബ്ബറിന്റെ അളവിനേക്കാള്‍ ആഭ്യന്തര ഉല്‍പ്പാദനം 5.22 ലക്ഷം മെട്രിക് ടണ്ണോളം കുറവാണെന്നാണ് കണക്ക്. ഈ വിടവ് നികത്താന്‍ ഇറക്കുമതിയെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. 2024-25 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയില്‍ 8.75 ലക്ഷം ടണ്‍ പ്രകൃതിദത്ത റബ്ബര്‍ ഉല്‍പ്പാദിപ്പിച്ചപ്പോള്‍ ഉപഭോഗം 14.10 ലക്ഷം ടണ്ണായിരുന്നു. ഇതോടെ ഉല്‍പ്പാദനവും ഉപഭോഗവും തമ്മിലുള്ള കുറവ് 5.35 ലക്ഷം ടണ്ണിലെത്തി.
ആഭ്യന്തര വിപണിയില്‍ ടയര്‍ നിര്‍മാതാക്കളില്‍നിന്നും മറ്റു വ്യവസായ മേഖലകളില്‍നിന്നും ആവശ്യകത ശക്തമായി തുടരുകയാണ്. അതേസമയം, കാലാവസ്ഥാ വ്യതിയാനവും ഉയര്‍ന്ന താപനിലയും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഉല്‍പ്പാദനത്തെ ബാധിച്ചു. പ്രധാന ഉല്‍പ്പാദക രാജ്യങ്ങളിലെ ലഭ്യതക്കുറവും രാജ്യാന്തര വിപണിയിലെ വിലയിലുണ്ടായ മാറ്റങ്ങളും ആഭ്യന്തര വിപണിയെയും സ്വാധീനിക്കുന്നുണ്ട്.
റബ്ബര്‍ ബോര്‍ഡിന്റെ ഒക്ടോബര്‍ 30ലെ വിപണിവിവരമനുസരിച്ച് കോട്ടയം, കൊച്ചി വിപണികളില്‍ ആര്‍.എസ്.എസ്4 ഗ്രേഡിന് കിലോയ്ക്ക് 298 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയേക്കാള്‍ ഉയര്‍ന്ന നിലയിലാണിത്.
വിലവര്‍ധന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ഉല്‍പ്പാദനച്ചെലവിലെ വര്‍ധനയും തൊഴിലാളികളുടെ ലഭ്യതക്കുറവും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ തുടരുകയാണ്. വിലയിലെ മുന്നേറ്റം ദീര്‍ഘകാലം നിലനില്‍ക്കുകയും ഉല്‍പ്പാദനച്ചെലവിനനുസരിച്ചുള്ള വരുമാനം ഉറപ്പാകുകയും ചെയ്താല്‍ മാത്രമേ റബ്ബര്‍ കൃഷിക്ക് കൂടുതല്‍ ഉണര്‍വുണ്ടാകൂ.
Related News