അറാര്‍: കഴിഞ്ഞ വര്‍ഷം നവംബറില്‍ കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിനായി കൊണ്ടുവന്ന നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍, പ്രായവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും 13,411 രൂപ പ്രീമിയം അടച്ച് കുടുംബത്തോടെ (പ്രവാസി, പങ്കാളി, രണ്ട് കുട്ടികള്‍) 5 ലക്ഷം രൂപയുടെ ചികിത്സാസഹായം ലഭിക്കുന്ന പോളിസിയില്‍ ചേരാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാര്‍ ഇത് കുത്തനെ കൂട്ടി 50 വയസ്സ് കഴിഞ്ഞ ഒരാള്‍ക്ക് ജി.എസ്.ടി (GST) ഉള്‍പ്പെടെ 35,664 രൂപയായി വര്‍ദ്ധിപ്പിച്ചത് സാധാരണക്കാരായ പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണ്.
സര്‍ക്കാര്‍ ഈ തീരുമാനം പുനഃപരിശോധിച്ച് പ്രവാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് അറാര്‍ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സക്കീര്‍ താമരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷുക്കൂര്‍ പുന്നക്കല്‍ പ്രമേയം അവതരിപ്പിച്ചു. യോഗം ഐക്യകണ്‌ഠേന പ്രമേയം പാസാക്കി.
Related News