ജിദ്ദ: നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം തുക വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രവാസി സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. പ്രവാസികള്‍ക്കിടയിലെ പ്രതിപക്ഷ പാര്‍ട്ടി സംഘടനകള്‍ മാത്രമല്ല, ഭരണകക്ഷി അനൂകുല സംഘടനകളും പ്രീമിയം വര്‍ധനവിനെതിരെ രംഗത്തു വിന്നിരിക്കുകയാണ്. ജിദ്ദ വണ്ടൂര്‍ മണ്ഡലം കെ.എം.സി.സിയും യാമ്പു കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയും ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.
നോര്‍ക്ക കെയര്‍ പ്രീമിയം വര്‍ധന പ്രവാസികള്‍ക്ക് ഇരുട്ടടി -ജിദ്ദ വണ്ടൂര്‍ മണ്ഡലം കെ.എം.സി.സി
ജിദ്ദ: നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം തുക സര്‍ക്കാര്‍ ഭീമമായി വര്‍ധിപ്പിച്ചതിനെതിരെ ജിദ്ദ വണ്ടൂര്‍ മണ്ഡലം കെ.എം.സി.സി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഷറഫിയയിലെ എലാറ ഹോട്ടലില്‍ നടന്ന യോഗത്തില്‍ സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളുടെ പ്രധാന ആശ്രയങ്ങളിലൊന്നാണ് നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി. യാതൊരുവിധ സാമ്പത്തിക നീക്കിയിരിപ്പുമില്ലാത്ത സാധാരണ തൊഴിലാളികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ വലിയ കൈത്താങ്ങായിരുന്ന പദ്ധതിയുടെ പ്രീമിയം തുക മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചത് പ്രവാസികളോടുള്ള കടുത്ത വഞ്ചനയാണെന്ന് നേതാക്കള്‍ ആരോപിച്ചു.
പ്രവാസി ക്ഷേമ പദ്ധതികളില്‍ നിന്ന് ലാഭമുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും, അമിതമായി വര്‍ധിപ്പിച്ച പ്രീമിയം തുക ഉടന്‍ പിന്‍വലിച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പദ്ധതി കൂടുതല്‍ സുതാര്യവും പ്രവാസി സൗഹൃദവുമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് നിസാം മമ്പാട്, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സാബില്‍ മമ്പാട്, മലപ്പുറം ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് സലീം മമ്പാട്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ യൂസഫ് കുരിക്കള്‍, മുഹ്ളര്‍ തങ്ങള്‍, മണ്ഡലം പ്രസിഡന്റ് ഹാഫിസ്, ജനറല്‍ സെക്രട്ടറി ശിഹാബ് കാളികാവ്, ട്രഷറര്‍ ഷംസു ഇല്ലിക്കോത്ത്, മണ്ഡലം നേതാക്കളായ അഷ്‌റഫ് ചോക്കാട്, യൂനുസ് പോരൂര്‍, അന്‍വര്‍ വണ്ടൂര്‍, ഇസ്മായില്‍ തിരുവാലി എന്നിവര്‍ സംസാരിച്ചു.
വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ഭാരവാഹികളായ ഹസ്സന്‍ (കരുവാരകുണ്ട്), സിദ്ധീഖ് (തുവ്വൂര്‍), സിറാജ് (കാളികാവ്), ഹാരിസ് ബാബു (മമ്പാട്), മുനീഫ് (ചോക്കാട്), ജാഫര്‍ (വണ്ടൂര്‍), ഫൈസല്‍ (തിരുവാലി), അബ്ദുല്‍ കരീം (പോരൂര്‍) തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രീമിയം വര്‍ധിപ്പിച്ച നടപടി അടിയന്തരമായി പിന്‍വലിക്കണം -യാമ്പു കെ.എം.സി.സി
യാമ്പു: പ്രവാസികള്‍ക്കായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ 2026 -2027 വര്‍ഷത്തെ പുതുക്കിയ പ്രീമിയം നിരക്കുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ ഉടന്‍ പരിഹരിക്കണമെന്ന് യാമ്പു കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രമേയത്തിലൂടെ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സാധാരണക്കാരായ പ്രവാസികളുടെ സാമ്പത്തികാവസ്ഥയും അവരുടെ കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷാ ആവശ്യങ്ങളും പരിഗണിച്ചായിരിക്കണം പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത്. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന ഭൂരിപക്ഷം പ്രവാസികള്‍ക്കും പുതുക്കിയ പ്രീമിയം നിരക്ക് വലിയ ബാധ്യതയാണ്.
ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് പ്രവാസികളുടെ ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും പദ്ധതിയുടെ ആനുകൂല്യങ്ങള്‍, ക്ലെയിം നടപടികള്‍, ചികിത്സയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ എന്നിവ വ്യക്തമാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.