റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ യാത്രാബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധികള്‍ നേരിടുമ്പോഴും അവര്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കുന്ന റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങിന്റെ സേവനം പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുന്നു. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വെല്‍ഫെയര്‍ വിങ് ഇടപെടുന്നുണ്ടെങ്കിലും, പ്രധാനമായും മരണാനന്തര നടപടികളിലെ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ഏകോപിപ്പിക്കുന്നത്.
ഏതെങ്കിലും പ്രവാസി മരണപ്പെട്ടാല്‍ ബന്ധുക്കളും സുഹൃത്തുക്കളും സഹായത്തിനായി ആദ്യം സമീപിക്കുന്നത് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകരെയാണ്. ചിലരുടെ മൃതദേഹങ്ങള്‍ സൗദിയില്‍ത്തന്നെ ഖബറടക്കുകയോ അടക്കം ചെയ്യുകയോ ചെയ്യുമ്പോള്‍, മറ്റു ചിലരുടേത് നാട്ടിലേക്ക് കൊണ്ടുപോവുകയാണ് പതിവ്. നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആവശ്യമായ നിയമപരമായ രേഖകള്‍ ശരിയാക്കി മൃതദേഹം വിമാനമാര്‍ഗം നാട്ടിലെത്തിക്കുന്നത് വരെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളുമായാണ് വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ മുന്നോട്ടുപോകുന്നത്.
മലയാളികള്‍ മാത്രമല്ല, മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മരണപ്പെട്ടാലും വെല്‍ഫെയര്‍ വിങ് ആവശ്യമായ സേവനങ്ങള്‍ ചെയ്തുനല്‍കാറുണ്ട്. നൂറുകണക്കിന് മൃതദേഹങ്ങളാണ് ഇതുവരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചതെന്ന് വെല്‍ഫെയര്‍ വിങ് ഭാരവാഹികള്‍ പറഞ്ഞു.
റിയാദിലെ നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഏതാനും ദിവസങ്ങളായി വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടിരുന്നു. പ്രതിസന്ധി തുടങ്ങിയതോടെ ചില ഇന്ത്യന്‍ വിമാന കമ്പനികളും സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇത് കാരണം റിയാദില്‍ നിന്ന് നേരിട്ട് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ദമാം വിമാനത്താവളം വഴി ഏറെ ശ്രമപ്പെട്ടാണ് ഇവര്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചത്. നാട്ടില്‍ മൃതദേഹം കാത്തിരുന്ന ബന്ധുക്കള്‍ക്ക് ഇത് വലിയ ആശ്വാസമായി.
റിയാദില്‍ നമസ്‌കാരത്തിനിടെ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഷാജി സലീമിന്റെ മൃതദേഹം മദീനയില്‍ ഖബറടക്കാന്‍ അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ക്കൊപ്പം വേണ്ട നിയമസഹായങ്ങള്‍ നല്‍കി. കൂടാതെ, പെരിന്തല്‍മണ്ണ പാലോളിപ്പറമ്പ് സ്വദേശി കമാലുദ്ദീന്റെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാനും കെ.എം.സി.സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്തു. ഭാരവാഹികളായ റഫീഖ് മഞ്ചേരി, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂര്‍ക്കാട് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
അന്നം തേടിയെത്തുന്ന നാട്ടില്‍ അപകടങ്ങളോ മരണമോ സംഭവിച്ചാല്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്ന കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങിന്റെ നിസ്വാര്‍ത്ഥമായ സേവനം പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമാണ്. സ്വന്തം ജോലിത്തിരക്കുകള്‍ക്കിടയിലും നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പകരമായി പ്രവാസികളുടെ പ്രാര്‍ത്ഥന മാത്രമാണ് ഇവര്‍ ആഗ്രഹിക്കുന്നത്.
Related News