റിയാദ്: സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലോകരുചികളുടെ ആഘോഷമൊരുക്കി 'ലുലു വേള്‍ഡ് ഫുഡ് 2026'-ന് തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചിക്കാഴ്ചകള്‍ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ലുലു വേള്‍ഡ് ഫുഡ് 2026, നവംബര്‍ 10 വരെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും നടക്കും.
അല്‍ ഖോബാര്‍, റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ ലുലു വേള്‍ഡ് ഫുഡ് ഉപഭോക്താക്കളുടെ നിറഞ്ഞ പങ്കാളിത്തത്തോടെയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അല്‍ ഖോബാറിലെ ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രമുഖ ഷെഫുമാര്‍ ചേര്‍ന്നാണ് ലുലു വേള്‍ഡ് ഫുഡ് ഉദ്ഘാടനം ചെയ്ത് ഉപഭോക്താക്കളെ വരവേറ്റത്. സൗദിയിലെ പ്രശസ്ത ഷെഫ് സഹ്‌റ അലി, ചൈനീസ് ഷെഫ് ലുവോ ഷെന്‍ ഹുവാ, ഇന്ത്യന്‍ പാചക വിദഗ്ധ ഹലാ മുഹമ്മദ്, ഈജിപ്ഷ്യന്‍ ഷെഫ് അബ്ദുല്‍ അസീസ്, ലെബനീസ് ഷെഫ് ബിലാല്‍ എന്നിവരാണ് ചടങ്ങില്‍ അതിഥികളായെത്തിയത്.
റിയാദിലെ മുറബ്ബ ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രശസ്ത ഇന്‍ഫ്‌ലുവന്‍സറും സ്റ്റോറിടെല്ലറും എഴുത്തുകാരനുമായ ഖലഫ് അല്‍ ഷമ്മാരി, ഫിലിപ്പൈന്‍ ഷെഫ് ബ്രയാന്‍ ഗാവ്, ഇന്ത്യയില്‍ നിന്നുള്ള ഷെഫ് ഫാസില്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ജിദ്ദയിലെ അമീര്‍ ഫവാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സൗദി ഷെഫ് അഹമ്മദ് അയ്മന്‍, തായ്ലന്‍ഡ് ഷെഫ് ചലിനീ പിംഗ്ബന്‍ലാവോ, ഫിലിപ്പിനോ ഷെഫ് ഗ്ലോറിയ ഗ്വിബാനി എന്നിവര്‍ ചേര്‍ന്ന് ഫെസ്റ്റിവലിന് തുടക്കം കുറിച്ചു.
ലുലു വേള്‍ഡ് ഫുഡിന് തുടക്കം കുറിച്ചതിന് പിന്നാലെ തത്സമയ പാചക പ്രദര്‍ശനങ്ങള്‍ കാണാനും ആഗോള വിഭവങ്ങള്‍ രുചിച്ചറിയാനും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് നിരവധി പേരാണ് എത്തിച്ചേരുന്നത്. സൗദി വിഭവങ്ങളുടെ തനത് സ്വാദുമായി 'ടേസ്റ്റ്‌സ് ഓഫ് സൗദി', അറേബ്യന്‍ രുചിക്കൂട്ടുകളുമായി 'ടേസ്റ്റ്‌സ് ഓഫ് അറേബ്യ', ഉത്തരേന്ത്യന്‍ രുചികളും നാടന്‍ കേരളീയ വിഭവങ്ങളും ഉള്‍പ്പെടുന്ന 'ടേസ്റ്റ് ഓഫ് ഇന്ത്യ', 'ദേശി ധാബ', 'നാടന്‍ തട്ടുകട' എന്നിവയും, ഏഷ്യന്‍ രുചികള്‍ നിറയുന്ന 'ടേസ്റ്റ് ഓഫ് ഏഷ്യ', 'സുഷി വേള്‍ഡ്', ഫിലിപ്പിനോ വിഭവങ്ങളുടെ 'പഗ്‌കൈങ് പിനോയ്', ഇറ്റാലിയന്‍ വിഭവങ്ങളുമായി 'ടേസ്റ്റ് ഓഫ് ഇറ്റലി' എന്നിവയടക്കം ഓരോ പവലിയനിലും ആകര്‍ഷകമായ കാഴ്ചകളും രുചികളുമാണ് ഒരുക്കിയിരിക്കുന്നത്.
ലുലു വേള്‍ഡ് ഫുഡിനോടനുബന്ധിച്ച് ബിരിയാണി ചലഞ്ച്, മന്തി ചലഞ്ച്, കേക്ക് ഐസിംഗ് മത്സരം, വെജിറ്റബിള്‍ കാര്‍വിംഗ് മത്സരം തുടങ്ങിയ തത്സമയ ഷെഫ് ഷോകളും മത്സരങ്ങളും സൗദിയിലുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നടക്കുന്നുണ്ട്. വിജയികളെ കാത്ത് ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ട്. കൂടാതെ, ലുലു ഹാപ്പിനസ് പ്രോഗ്രാം അംഗങ്ങള്‍ക്ക് ഫെസ്റ്റിവലിലുടനീളം പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാണ്.
'ലുലു വേള്‍ഡ് ഫുഡിന്റെ ആദ്യ ദിനം തന്നെ ഉപഭോക്താക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ ലുലു വേള്‍ഡ് ഫുഡ് സൗദി ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട കാഴ്ചകളും രുചികളും സമ്മാനിക്കും,' ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. ലുലു വേള്‍ഡ് ഫുഡ് ഉപഭോക്താക്കള്‍ക്കായി തുറന്നുനല്‍കിയ മുഖ്യാതിഥികള്‍ക്കും ഷെഫുമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ലുലു വേള്‍ഡ് ഫുഡ് ആഘോഷത്തില്‍ പങ്കുചേരാന്‍ എല്ലാ ഉപഭോക്താക്കളെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രുചിപ്പെരുമകളും തത്സമയ ഷെഫ് സെഷനുകളും കുക്കിംഗ് മത്സരങ്ങളും വന്‍ വിലക്കുറവുകളും നിറയുന്ന ലുലു വേള്‍ഡ് ഫുഡ് സൗദി അറേബ്യയിലുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നവംബര്‍ 10 വരെയാണ് നടക്കുന്നത്.
Related News