വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് 'മുരസു' ആന്ധ്രപ്രദേശ് തീരം തൊട്ടു. ഒങ്ങോളിന് സമീപം കൊത്തപ്പട്ടണത്താണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ കരയിലേക്ക് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടു മണിക്കൂറിലേറെ കനത്ത ചുഴലിക്കാറ്റ് ആ്്ഞ്ഞടിച്ചു.
കഴിഞ്ഞ ആറു മണിക്കൂറിനിടെ മണിക്കൂറില്‍ ഒമ്പത് കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് നീങ്ങിയത്. ആന്ധ്രപ്രദേശിലെ വിവിധ ജില്ലകളില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്. പ്രകാശം, ബാപട്‌ല ജില്ലകളില്‍ രാത്രിയോടെ അതിശക്തമായ മഴ ലഭിച്ചു. ആറു മണിക്കൂറിനിടെ മധ്യ ആന്ധ്രയിലെയും തെക്കന്‍ തീരദേശ ആന്ധ്രയിലെയും ചില കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ 200 മില്ലിമീറ്ററോളം മഴ രേഖപ്പെടുത്തി.
ഒങ്ങോളിലെ സമതാ നഗറില്‍ ശക്തമായ മഴയിലും കാറ്റിലും നിരവധി ഓലമേഞ്ഞ വീടുകള്‍ തകര്‍ന്നു. പ്രദേശത്ത് ചിലര്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒങ്ങോളിലെ പ്രകാശം ജില്ലാ കലക്ടറേറ്റ് വളപ്പില്‍ സ്ഥാപിച്ചിരുന്ന ആന്ധ്ര കേസരി ടങ്കുതുരി പ്രകാശം പന്തുലുവിന്റെ പ്രതിമയും കൂറ്റന്‍ മരം കടപുഴകി വീണ് തകര്‍ന്നു.
വെസ്റ്റ് ഗോദാവരി, ഏലൂരു, കൃഷ്ണ, എന്‍.ടി.ആര്‍, ഗുണ്ടൂര്‍, ബാപട്‌ല, പല്‍നാട്, മാര്‍ക്കാപുരം, പ്രകാശം, നെല്ലൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ നിര്‍ദേശിച്ചു.
വിജയവാഡയില്‍ തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴ പുലര്‍ച്ചെയും ശക്തമായി തുടര്‍ന്നു. ബന്ദര്‍ റോഡ്, പോളിക്ലിനിക് റോഡ് ഉള്‍പ്പെടെയുള്ള പ്രധാന പാതകളിലും വണ്‍ ടൗണ്‍ മേഖലയിലും വെള്ളക്കെട്ടുണ്ടായി. വിജയവാഡ വിമാനത്താവളത്തിലെ 19 സര്‍വീസുകളും ചെന്നൈ വിമാനത്താവളത്തില്‍നിന്നുള്ളതും അവിടേക്കുള്ളതുമായ 11 സര്‍വീസുകളും റദ്ദാക്കി. മുന്‍കരുതലിന്റെ ഭാഗമായി ചെന്നൈയിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലും ചൊവ്വാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കി.
ഒഡിഷയിലും ആന്ധ്രയിലും അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കല്‍ ഊര്‍ജിതമാക്കി. ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനും പരാതികള്‍ സ്വീകരിക്കുന്നതിനുമായി ആന്ധ്ര സര്‍ക്കാര്‍ 'മന മിത്ര' വാട്‌സ്ആപ്പ് സംവിധാനവും ഏര്‍പ്പെടുത്തി.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ വീടുകളില്‍ തുടരണമെന്നും ഔദ്യോഗിക മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
Related News