വാഷിംഗ്ടണ്‍: അമേരിക്കന്‍ ഐക്യനാടുകളിലെ പ്രമുഖ സ്വിംഗ് സ്റ്റേറ്റുകളിലൊന്നായ മിഷിഗണില്‍ നിന്ന് യു.എസ്. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലീം വംശജനായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി അബ്ദുള്‍ എല്‍-സയീദ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ കോണ്‍ഗ്രസ് അംഗവുമായ മൈക്ക് റോജേഴ്‌സിനെ പരാജയപ്പെടുത്തിയാണ് എല്‍-സയീദ് ഈ ശ്രദ്ധേയ വിജയം കൈവരിച്ചത്.
ഈ ചരിത്രപരമായ വിജയത്തിന് പിന്നാലെ അബ്ദുള്‍ എല്‍-സയീദിന്റെ ഭാര്യയും പ്രശസ്ത മനഃശാസ്ത്രജ്ഞയുമായ ഡോ. സാറ ജുകാകുവിന്റെ ഇന്ത്യയിലെ കര്‍ണാടക ബന്ധവും ഇപ്പോള്‍ മാധ്യമശ്രദ്ധ നേടുകയാണ്. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ തീരദേശ പട്ടണമായ ഭട്കലിലാണ് സാറ ജുകാകുവിന്റെ തറവാട് സ്ഥിതി ചെയ്യുന്നത്. സാറയുടെ പിതാവ് ഡോ. തായെബ് ജുകാകു പ്രശസ്തനായ ഒരു നെഫ്രോളജിസ്റ്റാണ്. അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുന്‍പ് ബെംഗളൂരുവില്‍ നിന്നാണ് അദ്ദേഹം എം.ബി.ബി.എസ് ബിരുദം പൂര്‍ത്തിയാക്കിയത്.
ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ISNA) സ്ഥാപക കമ്മിറ്റി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സാറയുടെ മുത്തശ്ശനായ ജെ.എച്ച്. ഷംസുദ്ദീന്‍ ജുകാകു മൈസൂര്‍ സംസ്ഥാനത്തെ (ഇപ്പോഴത്തെ കര്‍ണാടക) മുന്‍ ഉപധനകാര്യ മന്ത്രിയായിരുന്നു. ഭട്കല്‍ പ്രദേശത്തെ ആദ്യകാല അഭിഭാഷകരിലൊരാളായ അദ്ദേഹം ഭട്കലിലേക്ക് വൈദ്യുതി എത്തിക്കുന്നതിലടക്കം നിര്‍ണായകമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖ വ്യക്തിത്വമായിരുന്നു.
അമേരിക്കയിലാണ് ജനിച്ചതും വളര്‍ന്നതുമെങ്കിലും, കര്‍ണാടകയിലെ കുടുംബവേരുകളുമായും ബന്ധുക്കളുമായും തങ്ങളുടെ ബന്ധം എന്നും നിലനിര്‍ത്താന്‍ സാറയുടെ പിതാവ് ശ്രദ്ധിച്ചിരുന്നു. എല്‍-സയീദിന്റെ ഈ ചരിത്രപരമായ വിജയത്തോടെ മിഷിഗണില്‍ നിന്ന് കര്‍ണാടകയിലെ ഭട്കലിലേക്കുള്ള ഈ വംശപരമ്പരയും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടുകയാണ്.
Related News