ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്താ പുനര്‍വികസന പദ്ധതിയുടെ ഭാഗമായി കൃഷിഭവന്‍ വളപ്പിലുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള ഖദീമി മസ്ജിദ് നീക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് സമുച്ചയത്തിനുള്ളില്‍ സ്ഥിരമായ മതപരമായ കെട്ടിടം നിലനിര്‍ത്തുന്നത് സര്‍ക്കാര്‍ സ്വത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധവും അനുവദിക്കാനാവാത്തതുമാണെന്നാണ് കേന്ദ്രത്തിന്റെ വാദം.
കൃഷിഭവനും ശാസ്ത്രിഭവനും പൊളിച്ചുനീക്കി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി പള്ളി സ്ഥിതിചെയ്യുന്ന സ്ഥലവും ആവശ്യമായി വരുമെന്ന് കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസ് ഒക്ടോബര്‍ 27ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കോമണ്‍ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിന്റെ നാലും അഞ്ചും കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനാണ് പദ്ധതി.
കേന്ദ്രത്തിന്റെ പുതിയ നിലപാട് പരിഗണിച്ച കോടതി, സര്‍ക്കാര്‍ സമുച്ചയങ്ങള്‍ക്കുള്ളില്‍ ആരാധനാലയങ്ങള്‍ അനുവദിക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുണ്ടോയെന്ന് ചോദിച്ചു. പള്ളി നീക്കുകയാണെങ്കില്‍ പകരം ആരാധനയ്ക്കുള്ള സ്ഥലം അനുവദിക്കുന്നതില്‍ എന്താണ് സര്‍ക്കാരിന്റെ നയമെന്നും ജസ്റ്റിസ് അനീഷ് ദയാല്‍ ആരാഞ്ഞു. മതവിശ്വാസമനുസരിച്ച് ആരാധനയ്ക്കുള്ള ഇടം അനുവദിക്കുന്നതിന് എന്തെങ്കിലും പൊതുവായ മാനദണ്ഡങ്ങള്‍ വേണമെന്നും കോടതി നിരീക്ഷിച്ചു. കേന്ദ്രത്തിന്റെ നിലപാടിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ വ്യക്തമാക്കാന്‍ കോടതി നിര്‍ദേശിച്ചു.
പള്ളിയുടെ സംരക്ഷണ സമിതിക്ക് കേന്ദ്രത്തിന്റെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സമയം അനുവദിച്ച കോടതി കേസ് നവംബര്‍ 23ലേക്ക് മാറ്റി.
പള്ളിയുടെ ഭൂമി സര്‍ക്കാരിന്റേതാണെന്നും എന്നാല്‍ ആരാധനയ്ക്കായി ഉപയോഗിക്കാന്‍ പള്ളി സമിതിക്ക് അനുമതി നല്‍കിയിരുന്നുവെന്നുമാണ് കേന്ദ്രത്തിന്റെ വാദം. 1940 നവംബര്‍ എട്ടിന് അന്നത്തെ ഭരണകൂടവും ജുമാ മസ്ജിദ് മാനേജിങ് കമ്മിറ്റിയുടെ സെക്രട്ടറിയും തമ്മിലുണ്ടാക്കിയ കരാറാണ് കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. കരാര്‍ പ്രകാരം പള്ളി ഉപയോഗിക്കാന്‍ മാത്രമാണ് സമിതിക്ക് അനുമതി നല്‍കിയിരുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശമോ മറ്റ് അവകാശങ്ങളോ കൈമാറിയിരുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
സര്‍ക്കാരിന്റെ മുന്‍കൂര്‍ രേഖാമൂലമുള്ള അനുമതിയില്ലാതെ കെട്ടിടത്തില്‍ മാറ്റം വരുത്താനോ അറ്റകുറ്റപ്പണി നടത്താനോ പുതിയ നിര്‍മാണം നടത്താനോ കരാര്‍ അനുവദിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സ്ഥലത്തിന്റെ കൈവശാവകാശം തിരിച്ചെടുക്കാനും സര്‍ക്കാരിന് അധികാരമുണ്ടായിരുന്നുവെന്നാണ് കേന്ദ്രത്തിന്റെ വാദം.
അതേസമയം, പള്ളി ഒരു അനധികൃത കൈയേറ്റമല്ലെന്നും സര്‍ക്കാര്‍ അനുമതിയോടെ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയമാണെന്നും സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. പള്ളിക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും 1945 മുതലുള്ള ചരിത്രരേഖകളില്‍ അതിന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും സമിതി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. 1970ല്‍ ഡല്‍ഹി വഖഫ് ബോര്‍ഡ് പള്ളിയെ വഖഫ് സ്വത്തായി വിജ്ഞാപനം ചെയ്തതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കൃഷിഭവന്‍, ശാസ്ത്രിഭവന്‍ തുടങ്ങിയ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ 1950കളിലും 1960കളിലും നിര്‍മിക്കുന്നതിന് മുമ്പുതന്നെ പള്ളി അവിടെയുണ്ടായിരുന്നുവെന്നാണ് സമിതിയുടെ വാദം. സ്വാതന്ത്ര്യത്തിനു ശേഷവും സമീപത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ നമസ്‌കാരത്തിനായി പള്ളിയെ ആശ്രയിച്ചുവരുന്നതായും സമിതി വ്യക്തമാക്കി. പള്ളി നിലനിര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ സമീപത്ത് അനുയോജ്യമായ മറ്റൊരു ആരാധനാസ്ഥലം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണഘടനയുടെ 25ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും ആരാധനയ്ക്കുള്ള അവകാശവും സമിതി ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, കൃഷിഭവന്‍ വളപ്പിലോ കേന്ദ്ര സെക്രട്ടേറിയറ്റ് സമുച്ചയത്തിലോ പള്ളിക്കായി മറ്റൊരു സ്ഥലം അനുവദിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കൃഷിഭവനില്‍നിന്ന് രണ്ടു കിലോമീറ്ററിനുള്ളില്‍ ഇന്ത്യാ ഗേറ്റിന് സമീപമുള്ള ഷാഹി മസ്ജിദ് സബ്താ ഗഞ്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സമീപത്ത് ആരാധനയ്ക്കുള്ള സൗകര്യം ലഭ്യമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
പള്ളിയുടെ സംരക്ഷണ സമിതി സെപ്റ്റംബറിലാണ് പൊളിച്ചുനീക്കല്‍ തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജനുവരി 19ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സി.പി.ഡബ്ല്യു.ഡി) പുറത്തിറക്കിയ നിര്‍മാണ ടെന്‍ഡറിലെ രൂപരേഖയില്‍ പള്ളി ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു ഹര്‍ജി. പള്ളി പൊളിക്കേണ്ട കെട്ടിടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും പുതിയ കെട്ടിടങ്ങളുടെ രൂപരേഖയില്‍ അതിന്റെ സ്ഥാനം കാണിച്ചിരുന്നില്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Related News