വിജയവാഡ: ആന്ധ്രപ്രദേശിലെ നഗര തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ടി.ഡി.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യത്തിന് വന്‍ മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭൂരിഭാഗം മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലും സഖ്യകക്ഷികള്‍ വിജയിക്കുകയോ മുന്നിട്ടുനില്‍ക്കുകയോ ചെയ്യുന്നതായാണ് ലഭ്യമായ ഫലസൂചനകള്‍. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് (വൈ.എസ്.ആര്‍.സി.പി) ഏതാനും തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമാണ് നേട്ടമുണ്ടാക്കാനായത്.
13 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ പത്തിടത്തും ടി.ഡി.പി സ്ഥാനാര്‍ഥികള്‍ വിജയിക്കുകയോ മുന്നിട്ടുനില്‍ക്കുകയോ ചെയ്തു. ജനസേന രണ്ട് കോര്‍പ്പറേഷനുകളിലും വൈ.എസ്.ആര്‍.സി.പി ഒന്നിലും മുന്നിലെത്തി.
വിശാഖപട്ടണത്ത് മൊക്ക ശ്രാവണി, വിജയനഗരത്ത് അവനാപു ഭാര്ഗവി, മച്ചിലിപട്ടണത്ത് ഷെയ്ഖ് അബ്ദുള്‍ അബീദ, ഗുണ്ടൂരില്‍ കെ. ലക്ഷ്മി അപര്‍ണ, ഒംഗോളില്‍ നള്ളമല്ല ശ്രീ ശില്‍പ, നെല്ലൂരില്‍ ആനം രൂപ് കുമാര്‍ യാദവ്, തിരുപ്പതിയില്‍ മന്നെ ശ്രീനിവാസ പ്രസാദ്, ചിറ്റൂരില്‍ കട്ടാരി ഹേമലത, കടപ്പയില്‍ നെല്ലത്തൂരി സുവര്‍ണ, കര്‍ണൂലില്‍ ബി. വിജയ പ്രതിഷ്ഠ എന്നിവരെല്ലാം ടി.ഡി.പി ബാനറില്‍ മുന്നിട്ടു നില്‍ക്കുന്നവരാണ്.
വിജയവാഡയില്‍ വംഗവീട്ടി രാധാകൃഷ്ണയും ഏലൂരില്‍ റെഡ്ഡി അപ്പല നായിഡുവുമാണ് ജനസേനയുടെ സ്ഥാനാര്‍ഥികള്‍. അനന്തപുര്‍ കോര്‍പ്പറേഷനില്‍ വൈ.എസ്.ആര്‍.സി.പി സ്ഥാനാര്‍ഥി ബി.സി. രമേഷ് ഗൗഡയാണ് മുന്നില്‍.
794 കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ ടി.ഡി.പി 514 ഇടത്തും ജനസേന 120 ഇടത്തും ബി.ജെ.പി 36 ഇടത്തും വിജയിച്ചു. വൈ.എസ്.ആര്‍.സി.പി 90 ഡിവിഷനുകളില്‍ വിജയിച്ചപ്പോള്‍ മറ്റു സ്ഥാനാര്‍ഥികള്‍ 34 ഇടത്തും മുന്നിലെത്തി.
മുനിസിപ്പാലിറ്റികളും നഗര്‍ പഞ്ചായത്തുകളും ഉള്‍പ്പെടെ ഫലം ലഭ്യമായ 86 തദ്ദേശസ്ഥാപനങ്ങളില്‍ ടി.ഡി.പി 59 ഇടത്തും ജനസേന 18 ഇടത്തും ബി.ജെ.പി നാലിടത്തും വിജയിച്ചു. വൈ.എസ്.ആര്‍.സി.പി മൂന്നിടത്തും മറ്റു സ്ഥാനാര്‍ഥികള്‍ രണ്ടിടത്തും നേട്ടമുണ്ടാക്കി.
2,712 വാര്‍ഡുകളില്‍ ടി.ഡി.പി 1,838, ജനസേന 328, ബി.ജെ.പി 103, വൈ.എസ്.ആര്‍.സി.പി 349 എന്നിങ്ങനെയാണ് ലഭ്യമായ വിജയക്കണക്ക്. മറ്റു സ്ഥാനാര്‍ഥികള്‍ 94 വാര്‍ഡുകളിലും വിജയിച്ചു.
നവംബര്‍ ഒന്നിനായിരുന്നു തിരഞ്ഞെടുപ്പ്. 13 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും 87 മുനിസിപ്പാലിറ്റികളും നഗര്‍ പഞ്ചായത്തുകളും ഉള്‍പ്പെടെ 100 നഗര തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. എട്ട് തദ്ദേശസ്ഥാപനങ്ങളില്‍ എതിരില്ലാതെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. 17 മുനിസിപ്പല്‍, നഗര്‍ പഞ്ചായത്ത് അധ്യക്ഷ സ്ഥാനങ്ങളിലും നേരത്തേ എതിരില്ലാത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു.
മുന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കുടുംബത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ പുലിവെണ്ടുളയിലും ഭരണസഖ്യം മുന്നേറ്റം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വൈ.എസ്.ആര്‍.സി.പിക്ക് രാഷ്ട്രീയ തിരിച്ചടിയായി.
Related News